രാമപുരം : “മനുഷ്യൻ ഒരു അത്ഭുതമാണ്. ലോകത്തെ ഏറ്റവും വലിയ സ്നേഹം സ്വയം സ്നേഹമാണ്. തന്നെത്തന്നെ സ്നേഹിക്കാൻ കഴിയുന്നവനേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ,” എന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു.
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “Giving Life Gaining Glory 2026” എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അറിവിൽ കേരളത്തിൽ ആദ്യമായാണ് ഒരു കലാലയം രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്കുകളല്ല, മറിച്ച് പ്രവൃത്തികളാണ് ഒരാളുടെ ജീവിതത്തെ ധന്യമാക്കുന്നത് എന്നും വാക്കും പ്രവൃത്തിയും ഒന്നായി നീങ്ങുമ്പോഴാണ് ജീവിതത്തിന് അർത്ഥമുണ്ടാകുന്നതെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ അധ്യയന വർഷം രാമപുരത്തെയും പരിസര പ്രദേശങ്ങളിലെയും ആശുപത്രികളിൽ അടിയന്തര ഘട്ടങ്ങളിൽ രക്തം നൽകി നിരവധി ജീവനുകൾ രക്ഷിച്ച നൂറ്റിഇരുപതോളം വിദ്യാർത്ഥികളെയും അധ്യാപകരെയും സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചു.
രക്തദാതാക്കളെ ആദരിക്കുന്നതിനൊപ്പം വിവിധ കോഴ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രൊഫിഷ്യൻസി പുരസ്കാരങ്ങളും വിതരണം ചെയ്തു.
കോളേജ് മാനേജർ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഫാ. ഡേവിസ് ചിറമേലിനെയും, പാലാ ബ്ലഡ് ഫോറത്തിന്റെ ജനറൽ കൺവീനറും നൂറ്റിനാല്പതിലധികം തവണ രക്തദാനം നടത്തി മാതൃകയായ ശ്രീ. ഷിബു തെക്കേമറ്റത്തിനെയും മാനേജർ ഫാ. ബെർക്മാൻസ് കുന്നുംപുറം പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
ചീഫ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ സുനിൽ കെ. ജോസഫ് സ്വാഗതവും ഐ.ക്യു.എ.സി കോർഡിനേറ്റർ കിഷോർ നന്ദിയും രേഖപ്പെടുത്തി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.





