തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അതിൽ തർക്കങ്ങൾക്കോ ആശയക്കുഴപ്പങ്ങൾക്കോ സ്ഥാനമില്ലെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. റോഷി അഗസ്റ്റിന് ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സഹോദരതുല്യനാണ് റോഷി, എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മത്സരിക്കില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എന്റെ മനസിലുണ്ട്. പക്ഷേ അതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്,’ ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷം വീണ്ടും വരുമെന്ന ആവേശമാണ് ഓരോ യോഗങ്ങളിലും നടക്കുന്നത്. യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ പോലും ഈ അവസ്ഥയാണ് കാണുന്നതെന്നും മാധ്യമങ്ങളോട് ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചത്. താൻ ചോരത്തിളപ്പിൽ പറഞ്ഞതല്ല. പാലായിലുണ്ടായ പിഴവുകൾ പരിഹരിച്ച് മുന്നോട്ടുപോകും. ചെയർമാൻ പറഞ്ഞത് പാർട്ടി തീരുമാനം കൈക്കൊള്ളുമെന്നാണ് അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചിരുന്നു. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു പാർട്ടി ചെയർമാനായ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്.
ഇതിന് പിന്നാലെ വിദ്യാർത്ഥി സംഘടനയിലൂടെ വളർന്നു വന്ന ചോരത്തിളപ്പുള്ള റോഷി സ്നേഹക്കൂടുതൽ കൊണ്ട് പറഞ്ഞ കാര്യമാണിതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വേറെ വ്യാഖ്യാനങ്ങൾ വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.





