കോട്ടയം :പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം – വൈബ് 4 വെല്‍നെസ്സ് കാമ്പയിനു മുന്നോടിയായുള്ള കോട്ടയം ജില്ലാതല പ്രചാരണ പരിപാടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരം തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പുന്നൂസ്,ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ. അജിത, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.ജെ. സിത്താര, സംസ്ഥാന മാസ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ആര്.ദീപ എന്നിവര്‍ പങ്കെടുത്തു.
ചലച്ചിത്ര നടന് പ്രശാന്ത് അലക്സാണ്ടര്‍ മുഖ്യാതിഥിയായിരുന്നു. പരിപാടിയുടെ ഭാഗമായി പ്രത്യേകം ബ്രാന്‍ഡ് ചെയ്ത കെ.എസ്.ആര്.ടി.സി ബസില്‍ ക്രമീകരിച്ച വിളംബര ജാഥയെ പട്ടിത്താനം റൗണ്ട് എബൗട്ടില്‍ നിന്ന് സൈക്കിള്‍ റാലിയുടെ അകമ്പടിയോടെ കോട്ടയം നഗരത്തിലേക്ക് ആനയിച്ചു.
തിരുനക്കര മൈതനാത്ത് വ്യായാമ- യോഗ പ്രദര്‍ശനം, സുംബ ഡാന്‍സ് ,ആയോധനകലകള്‍, മ്യൂസിക്കല്‍ ഇവന്റ് എന്നിവയും നടന്നു. ഡിസംബർ 26ന് കാസര്‍കോട്ടുനിന്ന് ആരംഭിച്ച വിളംബര ജാഥ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഒന്നാം തീയതി കാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.
ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളാണ് കാമ്പയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയുഷ്, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, കായികം, യുവജനക്ഷേമം, വനിതാ ശിശുവികസനം തുടങ്ങിയ വകുപ്പുകളും സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍ തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.





