തിടനാട്: തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ മിനി ബിനോ മുളങ്ങശ്ശേരിയും (ചേരാനി) വൈസ് പ്രസിഡന്റായി കേരള കോൺഗ്രസിലെ സജി ജോസഫ് പ്ലാത്തോട്ടവും (പാക്കയം) തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് നടപടികൾക്ക് പിന്നാലെ നടന്ന ഔദ്യോഗിക യോഗത്തിൽ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
16 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ആറും ബി.ജെ.പിക്കും എൽ.ഡി.എഫിനും അഞ്ച് വീതവും അംഗങ്ങളാണ് ഉള്ളത്. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിനി ബിനോ കഴിഞ്ഞ ഭരണസമിതിയിൽ അംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങശ്ശേരിയുടെ ഭാര്യയുമാണ്.
വൈസ് പ്രസിഡന്റ് സജി പ്ലാത്തോട്ടം മുൻ പഞ്ചായത്ത് പ്രസിഡന്റ് സാബു പ്ലാത്തോട്ടത്തിന്റെ സഹോദരനാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് പുതിയ ഭരണസമിതിക്ക് സ്വീകരണം നൽകി.





