പാലാ :ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ജീവിതം കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം. സഭയുടെ പരമമായ നിധിയായ വിശുദ്ധ കുർബ്ബാന, കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്.
അതിനാൽ ബലിയർപ്പണത്തെ കൃത്യമായ ആത്മീയ ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും സമീപിക്കണം. ദൈവത്തോടുള്ള അനുസരണവും സഹോദരങ്ങളോടുള്ള സമ്പൂർണ്ണ ക്ഷമയും ഈ ആരാധനയുടെ അവിഭാജ്യ ഘടകങ്ങളാണ്.
ഒരുക്കമില്ലാത്ത പങ്കാളിത്തം ബലിപീഠത്തോടുള്ള ഗുരുതരമായ അനാദരവാണെന്നും ഡൊമനിക്കച്ചൻ പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തെ വചനശുശ്രൂഷ മധ്യേ ഡൊമിനിക് അച്ചൻ ഉദ്ബോധിപ്പിച്ചു.
“കർത്താവാണ് ദൈവം” എന്ന് സാക്ഷ്യം വഹിക്കാൻ ഒരു വ്യക്തിയെ ശക്തനാക്കുന്നത് പരിശുദ്ധാത്മാവിൻ്റെ പ്രബോധനമാണ്. ദൈവവചനം സത്യസന്ധമായും കലർപ്പില്ലാതെയും പ്രഘോഷിക്കുമ്പോഴാണ് പ്രബോധകൻ വിശ്വസ്തനാകുന്നത്.
സാമ്പത്തിക ലാഭത്തിനോ, പേരിനോ പ്രശസ്ത്തിക്കോ വേണ്ടി വചനത്തിൽ മായം ചേർക്കുന്ന പ്രബോധകൻ്റെ പ്രവണതകൾ പൈശാചിക സ്വാധീനത്തിൻ്റെ സൂചനയാണ്.
ധനമോഹം പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ദുരാത്മാവാണ്, അതിനാൽ വചനം ഒരിക്കലും ഒരു കച്ചവട ഉപാധിയാകരുതെന്നും പ്രമാണലംഘനമാണ് വ്യക്തിഗത വിശുദ്ധീകരണത്തിന് തടസ്സമുണ്ടാക്കുകയും പൈശാചിക ശക്തികൾക്ക് പ്രവേശനമാർഗ്ഗം നൽകുകയും ചെയ്യുന്ന അടിസ്ഥാന കാരണമെന്നും ഡൊമിനിക്കച്ചൻ ഓർമ്മിപ്പിച്ചു.
ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനം വൈകുന്നേരം 3.30ന് ജപമാലയോടെ ആരംഭിച്ചു. 4 മണിക്ക് വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്തിൻ്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയിൽ ഫാ.എബ്രഹാം കുപ്പപുഴക്കൽ, രൂപതയുടെ അസിസ്റ്റൻ്റ് ഫൈനാൻസ് ഓഫീസർ ഫാ.കുര്യൻ മുക്കംകുഴി, സെൻ്റ്.തോമസ് പ്രസിൻ്റെ മാനേജർ ഫാ.സിറിയക് തടത്തിൽ, ഫാമിലി അപ്പോസ്തോലെറ്റ് ഡയറക്ടർ ഫാ.ജോസഫ് നരിതൂക്കിൽ എന്നിവർ സഹകാർമ്മികരായി.
വൈകിട്ട് 6 മണിക്ക് വചന പ്രഘോഷണം ആരംഭിച്ചു. രാത്രി 8.30ന് നടന്ന ദിവ്യകാരുണ്യ ആരാധനയെ തുടർന്ന് ദിവ്യ കാരുണ്യ ആശീർവാദത്തോടെ കൺവെൻഷൻ സമാപിച്ചു.
കൺവൻഷനിലെ ശുശ്രൂഷകൾക്ക് ഫാ.ജോർജ്ജ് വർഗ്ഗീസ് ഞാറകുന്നേൽ, ഫാ.തോമസ് ഓലയത്തിൽ, ഫാ. ക്രിസ്റ്റി പന്തലാനി, ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.മാത്യു മുതുപ്ലാക്കൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ, സി. ആൻ ജോസ് എസ് എച്ച്, സി. ജെയ്സി സി.എം.സി, ബാബു തട്ടാംപറമ്പിൽ, സണ്ണി വാഴയിൽ, ജോൺസൺ തടത്തിൽ, തോമസ് കുറ്റിയാനി, ഷാജി ഇടത്തിനകം, ടോമി മംഗലത്തിൽ, ജോയ്സ് വരിക്കാനിക്കൽ, ലാലു പാലമറ്റം, ജോപ്പി സണ്ണി കിഴക്കേക്കര, തുടങ്ങിയവർ നേതൃത്വം നൽകി.





