മേലുകാവ്: ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധ്യപത്യമുന്നണിയുടെ വിജയം സുനശ്ചിതമാണെന്ന് മാണി.സി കാപ്പൻ എം.എൽ എ. കോട്ടയം ജില്ലാ പഞ്ചായത്ത് തലനാട് ഡിവിഷൻ യു. ഡി.എഫ് സ്ഥാനാർത്ഥി ബിന്ദു സെബാസ്റ്റ്യൻ്റെ മണ്ഡല തല പ്രചാരണ പരിപാടി മേലുകാവിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര മേഖലയായ തലനാട് ഡിവിഷൻ്റെ സമഗ്ര വികസനത്തിന് ബിന്ദു സെബാസ്റ്റ്യൻ വിജയിച്ചു വരേണ്ടത് അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റായും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബിന്ദുവിന് എല്ലാ വിഭാഗം ജനങ്ങളുടെയും സമഗ്രമായ വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.ഡി.എഫിൻ്റെ വിവിധ നേതാക്കളും വിവിധ വാർഡിലെ സ്ഥാനാർത്ഥികളും പ്രസംഗിച്ചു.
ഇന്ന് മേലുകാവിൽ നിന്ന് ആരംഭിച്ച പര്യടനം മൂന്നിലവ്,തലനാട് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് തീക്കോയി പഞ്ചായത്തിലെ തേവരു പാറ വളവനാർകുഴിയിൽ സമാപിക്കും. വൈകിട്ട് ചേരുന്ന സമാപന സമ്മേളനം ഈരാറ്റുപേട്ട മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്യും.
യു.ഡി എഫിൻ്റെ വിവിധ നേതാക്കൾ സംസാരിക്കും. നാളെ രാവിലെ തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് രാവിലെ 7.30-ന് ആരംഭിക്കുന്ന പര്യടനം പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി ഉദ്ഘാടനം ചെയ്യും.
തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലും പാറത്തോട് പഞ്ചായത്തിലെ ചോറ്റിഡിവിഷനിലും പര്യടനം നടത്തും. ഇടക്കുന്നത്ത് പര്യടനം സമാപിക്കും.





