യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർജാമ്യാപേക്ഷ തള്ളി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളം മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നിരുന്നു. തുടർന്ന് തുടർവാദം കേൾക്കാൻ വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്ന് തുടർവാദം കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് തുടർവാദത്തിന് മുന്നോടിയായി പ്രോസിക്യൂഷൻ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂർണ്ണ രൂപമടക്കം പ്രോസിക്യൂഷൻ കോടതിയി. സമർപ്പിച്ചതായാണ് വിവരം.
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. അതിജീവിതയെ ഗർഭച്ഛിദ്രത്തിന് സമ്മർദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളെയിരുന്നു പ്രോസിക്യൂഷൻ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതൽ വാട്‌സാപ്പ് ചാറ്റുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
പ്രതിഭാഗത്തിന്റെ വാദം ആദ്യം കോടതി കേട്ടു. ശേഷം പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കോടതി പരിശോധിച്ചു. തുടർന്ന് വിധി പുറപ്പെടുവിക്കുകയായിരുന്നു.





