മുട്ടുചിറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശനത്തോടനുബന്ധിച്ച് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ അധ്യക്ഷതയിൽ മുട്ടുചിറയിൽ നടന്ന നസ്രാണിയോഗം കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
യൂറോപ്യൻവൽക്കരണത്തിനെതിരെയും നസ്രാണികളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയും ത്യാഗപൂർവമായ നേതൃത്വം നൽകിയ മുട്ടുചിറ ഞായപ്പള്ളി( ന്യായപ്പള്ളി)പഴയ പള്ളിയിൽ ഉള്ള അർക്കദിയാക്കോൻ നടയ്ക്കൽ മാർ യാക്കോബ് കത്തനാരുടെ കബർ സന്ദർശിച്ചതിനു ശേഷം സുറിയാനി നമസ്കാരത്തിനും കൽ സ്ലീവാ വണക്കത്തിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്താ, മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ എന്നിവർ നേതൃത്വം നൽകി.
Undivided India എന്ന ആശയം നസ്രാണികൾക്കാണ് മറ്റാരെക്കാളും മുൻപേ നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നതെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു. യഹൂദ പാരമ്പര്യവും ഭാരതീയ പാരമ്പര്യവും സന്തുലിതമായി കാത്തുസൂക്ഷിച്ചവരാണ് മാർത്തോമ്മാ നസ്രാണികൾ.
16, 17 നൂറ്റാണ്ടുകളിൽ പോലും വൈദേശിക അടിച്ചമർത്തലുകൾക്കെതിരെ തികഞ്ഞ ദേശീയ ബോധത്തോടെ നിലപാടുകൾ എടുത്തവരാണ് നസ്രാണികൾ. മദ്ബഹായുടെ ഉൾവശം മുതൽ ചുറ്റുമതിലും പള്ളിക്കുളവും ഉൾപ്പെടെ നസ്രാണിത്തം കാത്തുസൂക്ഷിക്കപ്പെടുന്ന മുട്ടുചിറ നസ്രാണി പള്ളിയിൽ നടന്ന ഈ സമുദായ യോഗവും ചരിത്രത്തിന്റെ തങ്ക ലിപികളിൽ എഴുതപ്പെടും എന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.
നസ്രാണികൾക്ക് പതിനെട്ടാം നൂറ്റാണ്ട് വരെ ഉണ്ടായിരുന്ന പൊതു പൈതൃകവും സംസ്കാരവും ആചാരങ്ങളും പുനരുദ്ധരിച്ച് നസ്രാണി സമുദായ ഐക്യം സാധ്യമാക്കാൻ കഴിയും എന്ന് ഉദ്ഘാടന വേളയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്ത സൂചിപ്പിച്ചു.
സഭകൾ തമ്മിലുള്ള ഐക്യത്തിനായി പല തലങ്ങളിൽ പ്രവർത്തിക്കാം, ദൈവശാസ്ത്ര – കൗദാശിക കാര്യങ്ങളിൽ ഔദ്യോഗിക സംവിധാനങ്ങൾ ഉണ്ട്. സഭകൾ യോജിച്ചുള്ള സമുദായ ഐക്യം കുറേക്കൂടി സാമൂഹിക മാനം ഉള്ളതാണെന്നും കാലഘട്ടത്തിന്റെ ആനുകാലിക വിഷയങ്ങളോട് സംവദിക്കുന്നതിൽ ഇത് വളരെ അത്യാവശ്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ കർദിനാൾ പ്രസ്താവിച്ചു.
മറ്റു സഭകളിലെ മെത്രാന്മാരെയും വൈദികരെയും സിസ്റ്റേഴ്സിനെയും അൽമാരയും എല്ലാം സ്വന്തം സഹോദരങ്ങളെപ്പോലെ എല്ലാവരും കാണുമ്പോഴും ഇടപഴകുമ്പോഴും ആണ് ഇത് എളുപ്പത്തിൽ സാധ്യമാകുക.
നസ്രാണി പള്ളികളിൽ തിരുനാളുകളും ആഘോഷങ്ങളും മറ്റും നടക്കുമ്പോൾ സഹോദരീസഭകളിൽ ഉള്ളവരെയും ക്ഷണിക്കുകയും ഇടവക തലങ്ങളിൽ അത്തരം സമീപനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും വേണം, മാർ ആലഞ്ചേരി പറഞ്ഞു. നസ്രാണി ഐക്യ ദീപം ഏഴു നസ്രാണി സഭകളിൽ നിന്നുമുള്ളവർ ചേർന്നു തെളിക്കുകയും അഭിവന്ദ്യ പിതാക്കന്മാർ നസ്രാണി ജാതി ഐക്യ സംഘം മുന്നേറ്റത്തിന്റെ പ്രവർത്തനോദ്ഘടനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
സമുദായ ശക്തീകരണവും ഐക്യവും ലക്ഷ്യമാക്കി വിവിധ ദേശങ്ങളിൽ നിന്നെത്തിയ നസ്രാണി പ്രതിനിധികൾ വർത്തമാന പുസ്തക പാരായണത്തിനു തുടക്കം കുറിച്ചതിനു ശേഷം മട്ടാഞ്ചേരി പടിയോല, അങ്കമാലി പടിയോല എന്നിവ അനുസ്മരിക്കുകയും നസ്രാണികളുടെ ഐക്യത്തിനായി റൂഹാ സത്യം(മുട്ടുചിറ പടിയോല) എന്ന പേരിൽ യോഗത്തിൽ പങ്കെടുത്ത വൈദികരും വിശ്വാസികളും യോഗാവസാനം പ്രതിജ്ഞ എടുക്കുകയും ചെയ്തു.
വികാരി ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് മലേപറമ്പിൽ , മലങ്കര സുറിയാനി കത്തോലിക്കാ സഭ എക്യുമെനിസം കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തേക്കടയിൽ, യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ അംഗം ഷെവ. ഉമ്മച്ചൻ വേങ്കടത്ത്, സീറോ മലബാർ സഭ അംഗം ശ്രീ സെന്നിച്ചൻ കുര്യൻ, കെ സി സി ജനറൽ സെക്രട്ടറിയും മലങ്കര മാർത്തോമാ സുറിയാനി സഭ അംഗവുമായ ഡോ. പ്രകാശ് പി തോമസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അംഗം ഡോ. ജേക്കബ് മണ്ണുംമൂട്, മലബാർ സ്വതന്ത്ര സുറിയാനി സഭ സെക്രട്ടറി ശ്രീ ബിനോയ് പി മാത്യു, ശ്രീ ആന്റണി ആറിൽച്ചിറ ചമ്പക്കുളം, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. ഫിലിപ്പ് വടക്കേപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ ദേശങ്ങളിൽ കടന്നുവരുന്ന നസ്രാണി സമുദായ യോഗങ്ങളുടെ പ്രതിനിധികൾ ഏഴു നസ്രാണി സഭകളിൽ നിന്നായി പങ്കെടുത്ത സമുദായ യോഗം വലിയ ആവേശമായി മാറി.





