പാലാ: അഹിംസയിലൂന്നിയ സത്യാഗ്രഹമെന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാത്മാവായിരുന്നു ഗാന്ധിജിയെന്ന് കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷവും അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിൻ്റെ പോരാളിയാണ് ഗാന്ധിജി. നിരന്തരം സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പാലാ ഡി വൈ എസ് പി കെ സദൻ, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ പോൾസൺ കൊച്ചുകണിയാംപറമ്പിൽ, മുനിസിപ്പൽ കൗൺസിലർന്മായ സിജി ടോണി, ആനി ബിജോയി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, ബെന്നി മൈലാടൂർ, ജോർജ് പുളിങ്കാട്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സിജിത അനിൽ, മലയാള ഭാഷ വിദഗ്ദസമിതിയംഗം ചാക്കോ സി പൊരിയത്ത്, ജോയി കളരിയ്ക്കൽ, ടോണി തോട്ടം, അനൂപ് കട്ടിമറ്റം, ലിയ മരിയ ജോസ് എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച രാജീവ് നെല്ലിക്കുന്നേൽ, വിനയകുമാർ പാലാ, വിമൽ ഇടുക്കി, അമേയ അനിൽ, അഖിൽ ടി ജോസഫ്, അജിൻ ബെന്നി, പ്രശാന്ത് പാലാ, ഷൈജു ജോസഫ്, ദീപ എസ് നായർ, ജോയി തോമസ് എന്നിവരെ കെ ഫ്രാൻസിസ് ജോർജ് എം പി ആദരിച്ചു.