Kottayam

കൂനമ്മാക്കൽ തോമാ കത്തനാർക്ക് ഭാരതത്തിന്റെ വലിയ മല്പാൻ പദവി

കോട്ടയം: പ്രസിദ്ധ സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനുമായ കൂനമ്മാക്കൽ തോമാ കത്തനാരുടെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സുറിയാനി ഭാഷാ പഠനത്തിനും പൈതൃക ഗവേഷണത്തിനുമായി സ്ഥാപിതമായ സീരി (St. Ephrem Ecumenical Research Institute, Kottayam) അദ്ദേഹത്തിന് ഭാരതത്തിന്റെ വലിയ മല്പാൻ പദവി നൽകി ആദരിച്ചു. റൂബി ജൂബിലി (നാൽപതാം വാർഷികം) ആഘോഷിക്കുന്ന സീരിയിൽ അദ്ദേഹം ദീർഘകാലം അദ്ധ്യാപകനും ഡീൻ ഓഫ് സ്റ്റഡീസും ആയിരുന്നു.

1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്താണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്.

സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും മാർ അപ്രേം ഉൾപ്പെടെയുള്ള ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അദ്ദേഹം അന്തർദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും ലേഖന പരമ്പരകളും അദ്ദേഹത്തിൻ്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ഉപ്സല തുടങ്ങിയ സർവ്വകലാശാലകളിലും, ദമാസ്‌കസ്, ബാഗ്ദാദ്, ജർമനി, എത്യോപ്യയിലെ ആഡിസ് അബാബ, ഉജ്ജയിൻ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.

മലയാളം ഭാഷയെ സുറിയാനി ലിപിയിൽ എഴുതുന്ന പുരാതന സമ്പ്രദായമായ കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.

വിശ്വപ്രസിദ്ധ സുറിയാനി പണ്ഡിതനായ ഡോ. സെബാസ്റ്റ്യൻ ബ്റോക്കിൻ്റെ ശിഷ്യനുമാണ് അദ്ദേഹം. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, കാപ്പുംതലയിൽ സ്ഥിതി ചെയ്യുന്ന സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

സിറിയക് കത്തോലിക്ക പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ യോനാൻ ബാവായാണ് പദവി പ്രഖ്യാപിച്ചത്. ഭാരതത്തിലെ എല്ലാ പൗരസ്ത്യ സഭകളിൽ നിന്നും മെത്രാന്മാരും വൈദികരും അല്മായരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *