പാലാ: ആതുര ചികിത്സാരംഗത്ത് മാർ സ്ലീവാ മെഡിസിറ്റി പാലാ 6 വർഷം പൂർത്തീകരിക്കുകയാണ്. ആശുപത്രിയോട് അനുബന്ധിച്ച് കാൻസർ ചികിത്സയിൽ അത്യാധുനികവും അതിനൂതന സാങ്കേതികവിദ്യകളോടും കൂടി മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണം പൂർത്തിയായിരിക്കുന്ന വിവരം അഭിമാനപൂർവ്വം അറിയിക്കുന്നു.
ഒരുലക്ഷത്തിൽ പരം ചതുരശ്രഅടിയിൽ നിർമ്മിച്ചിരിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും 2025 സെപ്റ്റംബർ 14 ഞായറാഴ്ച്ച വൈകിട്ട് 4.30ന് നടത്തും. സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വെഞ്ചരിപ്പിന് മുഖ്യകാർമികത്വം വഹിക്കും.
ബഹു.സഹകരണ ,തുറുമുഖ,ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ, ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് സെന്റർ നാടിനായി സമർപ്പിക്കും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ബിഷപ് എമിരിറ്റസ് അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ഷംഷാബാദ് രൂപത സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കൊല്ലംപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രിമാരായ ശ്രീ. വി.എൻ. വാസവൻ, ശ്രീ. റോഷി അഗസ്റ്റിൻ, എം.പി.മാരായ ശ്രീ. ഫ്രാൻസിസ് ജോർജ്, ശ്രീ. ജോസ്.കെ.മാണി, ശ്രീ. ആന്റോ ആന്റണി, ശ്രീ. ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ ശ്രീ. മാണി.സി.കാപ്പൻ, ശ്രീ. മോൻസ് ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.