പൂഞ്ഞാർ: കടുപ്പാറ- വളതൂക്ക് നിവാസികളുടെ ചിരകാല സ്വപ്‌നമായ വളതൂക്ക്- കടുപ്പാറ പാലത്തിന് എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപയുടെയും ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ അനുവദിച്ച 10 ലക്ഷം രൂപയുടെ അപ്രോച്ച് റോഡിന്റെ ഒന്നാം ഘട്ട നിർമ്മാണ പൂർത്തികരണത്തിന്റെയും ഉദ്ഘാടനം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.
പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി കൺവീനറും സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗവുമായ ജോയി ജോർജ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.അക്ഷയ് ഹരി, അജിത് കുമാർ ബി, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻഅനിൽകുമാർ മഞ്ഞപ്ലാക്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം നിഷ സാനു, ഗാന്ധിനർ റസിഡൻ്റീസ് അസോസിയേഷൻ പ്രസിഡൻ്റ് സമജ് പി.കെ പാപ്പാലിപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കടുപ്പാറ പ്രദേശത്തെയും , പൂഞ്ഞാർ പഞ്ചായത്തിലെ വളതൂക്കിനെയും ബന്ധിപ്പിച്ച് ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യം ഏറെ വർദ്ധിക്കും. കടുപ്പാറ പ്രദേശവാസികൾക്ക് ഈരാറ്റുപേട്ട- മുണ്ടക്കയം സ്റ്റേറ്റ് ഹൈവേയിലേക്ക് വളരെ വേഗത്തിൽ പ്രവേശിക്കുന്നതിനു കഴിയും.
കാലങ്ങളായി നാട്ടുകാർ ഉന്നയിച്ചിരുന്ന ഒരാവശ്യം സാക്ഷാത്കരിക്കപ്പെടുന്നതിലും, പ്രദേശത്തിന്റെ വികസനത്തിൽ വലിയ മുന്നേറ്റം കൈ വരുന്നതിലും ജനങ്ങൾ അങ്ങേയറ്റം ആഹ്ലാദത്തിലാണ്. പടക്കം പൊട്ടിച്ചും പായസം വിതരണം നടത്തിയുമാണ് പ്രദേശവാസികൾ സന്തോഷം പ്രകടിപ്പിച്ചത്.