കിടങ്ങൂർ : അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കിടങ്ങൂർ ലിറ്റിൽ ലൂർദ്സ് മിഷൻ ആശുപത്രിയിൽ തുടക്കമായി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ സംവിധാനമാണിത്.
എസ് വി എം സുപ്പീരിയർ ജനറലും, ആശുപത്രിയുടെ ചെയർപേഴ്സണുമായ സി. ഇമ്മാക്കുലേറ്റ് എസ് വി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. മാർ മാത്യു മൂലക്കാട്ട് റോബോട്ടിന്റെ ആശീർവാദ കർമ്മം നിർവ്വഹിച്ചു.
റോബോട്ട് ഓർത്തോപീഡിക് & ജോയിന്റ് റീപ്ലേസ്മെന്റ് വിഭാഗം മേധാവി ഡോ. ജിജോ ജോസിന് കൈമാറി. ഓരോത്തരുടെയും കാലിന്റെ സ്വാഭാവികമായ പ്രത്യേകതകൾക്ക് അനുസരിച്ചു ഓരോ വ്യക്തിക്കും ആവശ്യമായ രീതിയിൽ മുട്ട് മാറ്റി വെയ്ക്കാം എന്നുള്ളതും, സി ടി സ്കാൻ ആവശ്യമില്ലായെന്നുള്ളതും വെലിസ് റോബോട്ടിക് സംവിധാനത്തെ വേറിട്ടതാക്കുന്നു. ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മെച്ചമെന്നും, ചെറിയ മുറിവുകൾ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും ഇതുവഴി രക്തനഷ്ടം , വേദന, അണുബാധ ഉണ്ടാകാനുള്ള സാഹചര്യം പരമാവധി കുറക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറക്കാനും സാധിക്കുമെന്ന് ആശുപത്രി ഡയറക്ടർ സി. സുനിത എസ്.വി.എം അറിയിച്ചു.