ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മുതിർന്ന യു.ഡി.എഫ് നേതാവ് പരീത് കുന്നപ്പള്ളിക്ക് കൈമാറി റസാഖ് പാലേരി വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ട്രഷറർ പി.കെ. ഷാഫി, കൗൺസിലർ സഹല ഫിർദൗസ്, എ.എം.എ. സമദ്, അൻവർ അലിയാർ, ഫിർദൗസ് റഷീദ്, എം.എസ്. ഇജാസ്, എ.എം. ജലീൽ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് നന്ദി പറഞ്ഞു.