Pala

ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് മാസാചരണ പരിപാടികളോടെ 26-ന് പാലായില്‍ തുടക്കമാകും

പാലാ : ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്.

രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, സാബു എബ്രാഹം എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികളായ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍, സെമിനാറുകള്‍, കോര്‍ണര്‍ യോഗങ്ങള്‍, തൊഴില്‍ മേഖലകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയുമുള്ള സന്ദേശ-പ്രതിജ്ഞാ പരിപാടികള്‍, ലഘുലേഖകള്‍, ഹൃസ്വചിത്ര പ്രദര്‍ശനം എന്നിവയിലൂടെ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ നേതൃത്വം നല്‍കും. രൂപതയിലെ വിവിധ സ്‌കൂളുകള്‍ ആഥിതേയത്വം വഹിക്കുകയും പരിപാടികള്‍ക്ക് സജീവ പങ്കാളികളാകുകയും ചെയ്യും.

കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് അന്നേദിവസം രൂപതയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും വിവിധ പരിപാടികള്‍ ക്രമീകരിക്കുകയും ചെയ്യും. പരിപാടികള്‍ക്ക് ആന്റണി മാത്യു, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവല്‍, ടിന്റു അലക്‌സ് എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *