ഭൂമി സംബന്ധമായ തടസങ്ങൾ ഇല്ലാതെവരുമ്പോൾ വികസന പ്രവർത്തനങ്ങളും സംരംഭങ്ങളും വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. വൈക്കത്ത് നക്ഷയുടെ (നാഷണൽ ജിയോസെപ്ഷ്യൽ നോളജ് ബേസ്ഡ് ലാൻസ് സർവേ ഓഫ് അർബർ ഹാബിറ്റേഷൻ) ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പിനു കീഴിൽ വിവിധ സംസ്ഥാനങ്ങളിലെ ഭൂരേഖകൾ തയാറാക്കുകയും പരിപാലിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് നക്ഷ. കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ സർവേ പദ്ധതിയുമായി സമന്വയിപ്പിച്ചാണ് നക്ഷ നടപ്പാക്കുന്നത്.
സംസ്ഥാനത്തെ നഗരപ്രദേശങ്ങളുമായി ബന്ധപ്പെട്ട് കൃത്യവും സുതാര്യവും സമഗ്രവുമായ ഡേറ്റാബേസ് സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. സംസ്ഥാനത്ത് 10 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് മൊത്തം 150 നഗരസഭകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ വൈക്കം നഗരസഭയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

അതിനൂതന സാങ്കേതിക വിദ്യകളുപയോഗിച്ച് ആകാശ സർവേയും സാറ്റലൈറ്റ് സഹായത്തോടെ ആർ.ടി.കെ. റോവറുകൾ ഉപയോഗപ്പെടുത്തികൊണ്ട് ഫീൽഡ് സർവെയും നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനാൽ സ്ഥലങ്ങളുടെ ഉയർച്ച താഴ്ചകൾ കൃത്യമായി കണക്കാക്കാൻ സാധിക്കും. അതുവഴി വെള്ളപ്പൊക്ക തോത് എത്രത്തോളം എന്നതുൾപ്പെടെ അറിയാൻ സാധിക്കും.
നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു സജീവൻ, എൻ. അയ്യപ്പൻ, പാലാ ആർ.ഡി.ഒ കെ.പി. ദീപ, കോട്ടയം സർവെ ഡെപ്യൂട്ടി ഡയറക്ടർ എം.എ. ആശ, വൈക്കം തഹസിൽദാർ എൻ. ഗോപകുമാർ, തഹസിൽദാർ എൽ.ആർ. പി.കെ. രമേശൻ, റീസർവേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ് എന്നിവർ പങ്കെടുത്തു.