കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് 2.30 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവായി.
ബെംഗളൂരുവിലെ പേപ്പർകാറ്റ് കമ്പനിയിൽ വിഷ്വൽ മീഡിയ മാനേജരായി ജോലി ചെയ്തിരുന്ന പുത്തൂർ സ്വദേശി കല്ലുതുണ്ടിൽ വീട്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണു നഷ്ടപരിഹാരത്തുക അനുവദിച്ച് ട്രൈബ്യൂണൽ ജഡ്ജി കെ.പി.പ്രദീപ് ഉത്തരവിട്ടത്.
2017 ജൂൺ 15ന് ജോലി ആവശ്യത്തിനായി ബെംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്ക് പരസ്യ ചിത്രീകരണത്തിനായി യാത്ര ചെയ്തിരുന്ന വാൻ എൻഎച്ച് 44 ൽ കർണൂൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഐസക് ഷാജിക്കു പരുക്കേറ്റത്.

നഷ്ടപരിഹാരത്തുകയും ഇതുവരെയുള്ള പലിശയും കോടതിച്ചെലവും ഉൾപ്പെടെ 2.30 കോടി രൂപ അപകടത്തിന് ഉത്തരവാദികളായ ഇരുവാഹനങ്ങളുടെയും ഇൻഷുറൻസ് കമ്പനികൾ തുല്യ അനുപാതത്തിൽ ഒരു മാസത്തിനകം കെട്ടിവയ്ക്കാനാണ് ഉത്തരവ്. ഹർജിക്കാരനു വേണ്ടി അഡ്വ.ആദിൽ പി.പനച്ചയിൽ, അഡ്വ.അഭിജിത്ത് എന്നിവർ ഹാജരായി.