ഈരാറ്റുപേട്ട : കോട്ടയം ജില്ലയിലെ 220 കുട്ടികൾ വാനോളം സന്തോഷത്തിലാണ്. തങ്ങൾ വരച്ച 220 ചിത്രങ്ങൾ ജില്ലയിലെ സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ശരിയായ മാലിന്യ സംസ്ക്കാരം രൂപപ്പെടുത്താനും മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം തിരുത്താനും ഉതകുന്ന ചിത്രങ്ങൾ വരയ്ക്കാൻ കോട്ടയം ജില്ലാ ശുചിത്വ മിഷൻ ആവശ്യപ്പെട്ടപ്പോൾ അത് ഇത്രത്തോളം വിപുലമായ പ്രദർശനമായി മാറുമെന്ന് കുട്ടികൾ കരുതിയിരുന്നില്ല.
കുട്ടികൾ വരച്ചതിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ആണ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ചിത്രത്തിലും അത് വരച്ച കുട്ടിയുടെ പേരും സ്‌കൂളും ക്ലാസും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിൽ വിടർന്ന ശുചിത്വ ഭാവന വ്യക്തമാക്കുന്നതാണ് ചിത്രങ്ങളെല്ലാം.
ജില്ലാ തല പ്രദർശന ഉദ്ഘാടനം പള്ളം ബ്ലോക്കിൽ ജില്ലാ കളക്ടർ ജോൺ വി സാമുവൽ നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്കിൽ മേലുകാവ് പഞ്ചായത്തിലെ വാകക്കാട് സെന്റ് അൽഫോൻസാ സ്കൂളിൽ നടന്ന ചിത്ര പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു.
തീക്കോയി സെന്റ് മേരീസ് സ്കൂളിലും ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ മുസ്ലിം ഗേൾസ് സ്കൂൾ, കാരയ്ക്കാട് എംഎം യു പി സ്കൂൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും. കോട്ടയം ചങ്ങനാശ്ശേരി, പാലാ, ഏറ്റുമാനൂർ, വൈക്കം നഗരസഭകളിലും ഏറ്റുമാനൂർ, കടുത്തുരുത്തി, ളാലം, കാഞ്ഞിരപ്പള്ളി, ഉൾപ്പടെ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വിവിധ സ്‌കൂളുകളിലായി പ്രദർശനം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

മാലിന്യ മുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിൻ എന്നിവയുടെ ഭാഗമായാണ് കോട്ടയം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞയിടെ ജില്ലാതലത്തിൽ കുട്ടികൾക്കായി ചിത്ര രചന മത്സരം നടത്തിയത്. മേലുകാവ് വാകക്കാട് സ്കൂളിൽ നടന്ന പ്രദർശന പരിപാടിയിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ ജെറ്റോ ജോസഫ് അധ്യക്ഷനായിരുന്നു.
ബ്ലോക്ക് ആരോഗ്യ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ അജിത് കുമാർ, ഓമന ഗോപാലൻ, ബിഡിഒ ബാബുരാജ്,സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ടെസ് , ശുചിത്വ മിഷൻ പ്രതിനിധി എം എം അബ്ദുൽ മുത്തലിബ് എന്നിവർ മാലിന്യ മുക്ത നവ കേരളം ക്യാമ്പയിൻ ഭാഗമായി കുട്ടികളുമായി സംവദിച്ചു. സ്കൂൾ ലീഡർ എയ്ഞ്ചൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.