പാലാ: പ്രമുഖ സാഹിത്യകാരൻ എ.എസ് കുഴികുളം (ഏബ്രഹാം. എസ്-89) നിര്യാതനായി. സാഹിത്യ രംഗത്ത് ഏഴ് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന എ.എസ് കുഴികുളം പാലാ വലവൂർ കുഴികുളം കുടുംബാംഗമാണ്. ദീർഘകാലം ചേർത്തല അരൂർ ഹൈസ്കൂൾ, കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
തുടിക്കുന്ന അക്ഷരങ്ങളാണ് പ്രഥമ കാവ്യസമാഹാരം. നിർവൃതിയും നിറപറയും (നിരൂപണം), കഴുകന്മാർ (നോവൽ), തെരഞ്ഞെടുത്ത കുഴികുളം കവിതകൾ (കവിതാ സമാഹാരം) എന്നിവയാണ് പ്രധാന സാഹിത്യകൃതികൾ.
കിരണം മാസിക ചീഫ് എഡിറ്റർ, പാലാ സഹൃദയ സമിതി സജീവ അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. ജ്യോതിഷത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ഒട്ടേറെ ആനുകാലികങ്ങളിൽ കഥ,കവിത, ലേഖനങ്ങൾ എന്നിവ എഴുതിയിട്ടുണ്ട്.
അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പാലാ സെൻ്റ് തോമസ് കോളേജിൽ നിന്ന് ബി.എക്കും തുടർന്ന് മലയാളം പണ്ഡിറ്റ് പരീക്ഷയും പാസായ ശേഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്.
അതിനും മുൻപ് വളരെ ചെറുപ്രായത്തിൽ തന്നെ സാഹിത്യരചനയിലേക്ക് കടന്നിരുന്നു. പഴയ ഒട്ടേറെ പ്രമുഖ സാഹിത്യകാരന്മാരുമായി ഉത്തമ സുഹൃദ്ബന്ധം കാത്തു സൂക്ഷിച്ചിരുന്നു.
ഭാര്യ: പരേതയായ ലീലാമ്മ പാലാ കളരിയാമ്മാക്കൽ കുടുംബാംഗമാണ്. മക്കൾ: റീന ഏബ്രഹാം (ടീച്ചർ, എ.ജെ ജോൺ ഗവ.എച്ച്.എസ്.എസ് തലയോലപ്പറമ്പ്), രാജേഷ് ഏബ്രഹാം ( ന്യൂസ് എഡിറ്റർ, മംഗളം ദിനപത്രം), കിഷോർ ഏബ്രഹാം (തിരക്കഥാകൃത്ത്).
മരുമക്കൾ: പി.ജെ ജോൺ പുൽക്കുന്നേൽ, ചെറുതോണി, ഡെയ്സി ജോർജ് (ടീച്ചർ, ചാവറ പബ്ളിക് സ്കൂൾ പാലാ), ഇല്ലിക്കൽ തോട്ടയ്ക്കാട്, ജിൻസി മൂത്തേടത്ത് അടിവാരം. സംസ്ക്കാരം : വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വലവൂർ സെൻ്റ് മേരീസ് ദേവാലയത്തിൽ.