മുണ്ടക്കയം: കൂട്ടിക്കൽ സെൻ്റ് ജോർജ്സ് ഹൈസ്കൂളിലെ 1983-84, 1984-85 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ കൂട്ടായ്മയായ “കൂട്ടുകാർ” സഹപാഠിയായിരുന്ന പുത്തൻപുരയ്ക്കൽ ശശിക്ക് ഭവനം നിർമ്മിച്ചു നൽകി.
വേലനിലം സിവ്യൂ കവലയിൽ പുത്തൻപുരയ്ക്കൽ പി.കെ. ശശിയും, തൊണ്ണുറുവയസുകാരിയായ മാതാവും, ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാൽപത്തഞ്ചു വർഷം പഴക്കമുള്ള ചോർന്നൊലിക്കുന്ന, നിലംപൊത്താറായ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് ജീവിച്ചിരുന്നത്.
ഈ കുടുംബത്തിൻ്റെ വിഷമാവസ്ഥ മനസിലാക്കിയ സ്വദേശത്തും വിദേശത്തുമുള്ള പഴയ സഹപാഠികൾ സഹായഹസ്തവുമായി എത്തുകയായിരുന്നു. എട്ടു ലക്ഷത്തോളം രൂപ മുടക്കിയാണ് രണ്ടു കിടപ്പുമുറിയും ഹാളുമുള്ള വീട് നിർമിച്ചത്.
വീട്ടിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. കുടുംബത്തിനു താക്കോൽ കൈമാറി. ഇ.പി. ഷാജുദീൻ അധ്യക്ഷനായിരുന്നു. സെൻ്റ് ജോർജ്സ് ഹൈസ്കൂൾ മുൻ അധ്യാപിക എൽസി ദേവസ്യ, മുണ്ടക്കയം ഗ്രാമപഞ്ചായത്തംഗം ജോമി തോമസ്, പി.എം. ഫിറോസ്, എം.ജി. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. വീട് നിർമാണം നടത്തിയ ഗ്രൂപ്പ് അംഗം കൂടിയായ ടി.എസ്. മാത്യുവിന് മെർലിൻ മാത്യു, കെ.ഐ. ആൻസി എന്നിവർ ഉപഹാരങ്ങൾ കൈമാറി.