കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി ബില്ല് കൊണ്ടു വന്നാൽ പിന്തുണയ്ക്കുമെന്ന ഫ്രാൻസിസ് ജോർജ് എം പി യുടെ നിലപാടിനൊപ്പമാണോ ആ പാർട്ടിയിലെ എംഎൽഎ മോൻസ് ജോസഫിൻ്റെയും നിലപാടെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ.
അങ്ങനെയെങ്കിൽ അത് തുറന്നു പറയാൻ മോൻസ് തയാറാകണം. വഖഫ് ഭേദഗതി നിയമത്തിനെതിരേ സംസ്ഥാന സർക്കാർ പ്രമേയം കൊണ്ടു വന്നപ്പോൾ ഒരു ഉളുപ്പുമില്ലാതെ പിന്തുണച്ചയാളാണ് മോൻസ്. എന്നാൽ നിയമസഭയിൽ നിന്നിറങ്ങി ആശങ്കയിൽ നിൽക്കുന്ന വിശ്വാസി സമൂഹത്തിൻ്റെ മുമ്പിൽ പോയി കൈകൂപ്പി ചിരിക്കുന്ന മോൻസിൻ്റെ കാപട്യം കടുത്തുരുത്തിയിലെ ജനം തിരിച്ചറിയുന്നുണ്ട്.
സ്വന്തം കിടപ്പാടം അന്യൻ്റേതാകുമോ എന്ന ആശങ്കയിൽ കഴിയുന്ന മുനമ്പത്തെ സാധാരണക്കാരുടെ കണ്ണീർ കാണാതെ എൽഡിഎഫും യുഡിഎഫും നടത്തുന്ന ഒളിച്ചുകളി ജനാധിപത്യ വിശ്വാസികൾ കാണാതെ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത നടപടി കാപട്യമാണ്. മോൻസിൻ്റെ നിലപാട് എന്തെന്നറിയാൽ ബി ജെ പിക്കും ഇവിടുത്തെ പൊതു സമൂഹത്തിനും താത്പര്യമുണ്ട്. സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ മോൻസ് നിലപാട് വ്യക്തമാക്കണം – ലിജിൻ പറഞ്ഞു.