Blog

26-ാം മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി

പാറത്തോട് : ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം പടപ്പാടി തോടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.

പ്രസ്തുത തുക ഉപയോഗിച്ച് പുതിയ പാലം നിർമ്മിക്കുന്നതിന് ഇരുകരകളിലും അധികമായി സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി ലാൻഡ് അക്വസിഷൻ റിഹാബിലിറ്റേഷൻ ആൻഡ് റീ സെറ്റിൽമെന്റ് ആക്ട് പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ഭൂമി ഏറ്റെടുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനുമായി 78 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

കോട്ടയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ പാലം നിർമ്മാണത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കും.

7.5 മീറ്റർ വീതിയിലും, 24 മീറ്റർ നീളത്തിലുമാണ് പുതിയപാലം നിർമ്മിക്കുക. പാലത്തിന്റെ ഇരുവശങ്ങളിലും ഒന്നര മീറ്റർ പ്രകാരം വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. നിലവിലുള്ള പാലത്തേക്കാൾ രണ്ട് മീറ്റർ ഉയർത്തി പാലം നിർമ്മിക്കുകയും അതിനനുസൃതമായി ഇരുവശങ്ങളിലും 40 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡ് ഉയർത്തുകയും ചെയ്യും.

ഇതോടെ എരുമേലി റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കൂടുതൽ സുഗമമായി നാഷണൽ ഹൈവേയിലേക്ക് പ്രവേശിക്കാൻ കഴിയും. പുതിയപാലം യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും, എരുമേലി വഴി തെക്കോട്ടുള്ള മുഴുവൻ യാത്രക്കാർക്കും കൂടുതൽ യാത്രാ സൗകര്യം ഒരുങ്ങും.

സ്ഥലം ഏറ്റെടുപ്പ് പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് പാലത്തിന്റെ നിർമ്മാണ പ്രവർത്തികളിലേക്ക് കടക്കുന്നതിനുള്ള തീവ്രശ്രമം നടത്തിവരികയാണെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *