ഈരാറ്റുപേട്ട: കഴിഞ്ഞ നാലര വര്‍ഷമായി നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് എസ്ഡിപിഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നു പോകുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മാസങ്ങളായി പൊളിച്ചിട്ടിരിക്കുകയാണ്.
ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശുചിമുറി സംവിധാനങ്ങളില്ല. വയോജനങ്ങളും വിദ്യാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ശുചികരണ സംവിധാനമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ്. വാഗമണ്‍, ഇല്ലിക്കല്‍ കല്ല്, മാര്‍മല അരുവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിക്കുള്ള പ്രവേശന കവാടമായ ഈരാറ്റുപേട്ടയിലെത്തുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ ആറ് ലക്ഷം രൂപ മുടക്കി താല്‍ക്കാലിക സംവിധാനം ഒരുക്കിയെന്നാണ് നഗരസഭയുടെ വാദം. ഇത് അംഗീകരിക്കാനാവില്ല. പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ചതിനപ്പുറം ജനോപകാരപ്രദമായ ഒന്നും ഇവിടെ നടന്നിട്ടില്ല.
ആറ് ലക്ഷം രൂപ ചെലവഴിച്ചതിന്റെ വിവരങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ അധികൃതര്‍ തയ്യാറാവണം. ബസ് സ്റ്റാന്‍ഡ് നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ക്രിയാത്മകമായ നടപടിയുണ്ടാവണം.
നിര്‍മാണം പൂര്‍ത്തിയാക്കുന്നതു വരെ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടിയുണ്ടാവണം. ആവശ്യത്തിലധികം ഫണ്ട് ഉണ്ടായിട്ടും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കിയില്ലെന്നു മാത്രമല്ല ക്ഷേമ- സേവന പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തു.
ലൈഫ് ഭവന പദ്ധതി പ്രകാരം അനുവദിച്ച 450 കൂടുംബങ്ങള്‍ക്ക് ഇന്ന് വീട് എന്നത് സ്വപ്‌നമായി അവശേഷിക്കുന്നു. 200 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ് നല്‍കിയിരുന്നത് നിര്‍ത്തലാക്കി. കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കു പോലും ഫണ്ട് അനുവദിച്ചിട്ടില്ല.
തിമിര്‍ത്തു പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും ഭീതിയിലും കഷ്ടപ്പാടിലും കഴിയുന്ന നിര്‍ധന കുടുംബങ്ങളെ പാടെ അവഗണിച്ചു. ബാത്ത് റൂം അറ്റകുറ്റപ്പണികള്‍ക്ക് പദ്ധതിയുണ്ടെങ്കിലും അതിനും ഫണ്ട് അനുവദിച്ചില്ല.
205-2020 കാലയളവില്‍ 3.75 കോടി മാത്രം ഫണ്ടുണ്ടായിരുന്നപ്പോള്‍ 700 വീടുകളാണ് നിര്‍മിച്ചതെങ്കില്‍ 2020-2025 ടേം പൂര്‍ത്തിയാകാനിരിക്കേ 7.75 കോടി രൂപ ഫണ്ടുണ്ടായിട്ടും 50 വീടുകള്‍ മാത്രമാണ് നല്‍കിയത്. ഈ ടേമില്‍ വീട് മെയിന്റനന്‍സ് ഒന്നും പോലും നടന്നിട്ടില്ല. ബാത്ത് റൂം ഇത്തവണ ഒന്നു പോലുമില്ല.
ഈരാറ്റുപേട്ട നിവാസികളുടെ വികസനവും ക്ഷേമവും അവഗണിച്ച് ജനവിരുദ്ധത തുടരുന്ന യുഡിഎഫ് ഭരണ സമിതി ജനങ്ങള്‍ക്ക് ഭാരമായി മാറിയിരിക്കുകയാണ്. ഈ ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ജനങ്ങളെ മറന്ന് സന്നിഷ്ടപ്രകാരം ഭരണം നടത്തുന്ന യുഡിഎഫ് ഭരണസമിതിക്കെതിരേ ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങേണ്ട സമയം എത്തിയിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സബീർ കുരുവനാൽ, സെക്രട്ടറി സുബൈർ വെള്ളാപ്പള്ളിൽ, ജോ. സെക്രട്ടറി ജലീൽ കെ.കെ.പി, ഇസ്മായിൽ കിഴേടം സംബന്ധിച്ചു.