വേഴാങ്ങാനം : വേഴാങ്ങാനം സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിന് പുതിയ ചുവടുവയ്പ്പായി ആധുനിക രീതിയിൽ നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം. ശുചിത്വ മിഷൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിൽ നിന്നും നിർമ്മിച്ചതാണ് ടോയ്ലറ്റ് സമുച്ചയം. ടോയ്ലറ്റുകളുടെ ഉദ്ഘാടനം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലിസി സണ്ണി കുന്നേൽപുരയിടത്തിൽ നിർവ്വഹിച്ചു.
തുടർന്ന് നടന്ന സമ്മേളനത്തിന് വാർഡ് മെമ്പർ ബീന റ്റോമി പൊരിയത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജോർജ് കാവുംപുറത്ത് മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ജെസി ജോസ് , ശ്രീമതി സുധ ഷാജി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീമതി റിൻസി റോസ് മൈക്കിൾ , ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ശ്രീ ടോണി കവിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മാതാപിതാക്കളുടേയും,നാട്ടുകാരുടേയും പങ്കാളിത്തത്താൽ ശ്രദ്ധേയമായ ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സോയി ബി. മറ്റം നന്ദി അറിയിച്ച് സംസാരിച്ചു.