moonnilavu

വാകക്കാട് ചെക്ക് ഡാമിലെ മണലും ചെളിയും നീക്കുന്ന നടപടികള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ തുടക്കമായി

മൂന്നിലവ് പഞ്ചായത്തിലെ മൂന്നിലവ് ടൗണില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി ഉണ്ടായ പ്രളയത്തിന് കാരണമായ വാകക്കാട് ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മണലും മണ്ണും ചെളിയും നീക്കം ചെയ്യുന്ന നടപടികള്‍ക്ക് തുടക്കമായി.

പ്രളയത്തില്‍ മൂന്നിലവ് ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ക്കും മൂന്നിലവ് പഞ്ചായത്ത് ഓഫീസിലും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.

ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് വകക്കാട് പാലം മുതല്‍ കടവുപുഴ പാലം വരെയുള്ള ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മണലും ചെളിയും പൂര്‍ണമായി നീക്കം ചെയ്യുകയാണ് അഭികാമ്യമെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയ മേജര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്‍ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെയും കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ ജോസ് കെ മാണി എംപിയുടെയും നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി പ്രകാരം വാകക്കാട് പാലത്തിന്റെ മുകള്‍ഭാഗം മുതല്‍ കടവ്പുഴ പാലം വരെ അടിഞ്ഞു കൂടിയിരിക്കുന്ന 4350 എം ക്യൂബ് മണ്ണും മണലും നീക്കം ചെയ്യുന്നതിന് ഈ -ലേലം നടത്തി നടപടികള്‍ പൂര്‍ത്തിയാക്കി കോണ്‍ട്രാക്ടറുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്യുകയുണ്ടായി.

ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് കോണ്‍ട്രാക്ടറുടെ പൂഞ്ഞാര്‍ ഉള്ള ഡബ്ബിങ് യാഡില്‍ ആണ് നിക്ഷേപിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മൂന്നിലവിലെ വെള്ളപ്പൊക്കത്തിനും തന്മൂലം വ്യാപാരികള്‍ അനുഭവിച്ചു വന്നിരുന്ന ദുരിതങ്ങള്‍ക്കും ശാശ്വത പരിഹാരം ഉണ്ടാകും എന്ന് കരുതുന്നു.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് വകുപ്പുമന്ത്രി ശ്രീ റോഷി അഗസ്റ്റിനും ശ്രീ ജോസ് കെ മാണി എംപിയും പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫസര്‍ ലോപ്പസ് മാത്യു, മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എല്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ബിന്ദു സെബാസ്റ്റ്യന്‍, വൈസ് പ്രസിഡണ്ട് ശ്രീമതി മായാ അലക്‌സ്, പഞ്ചായത്ത് മെമ്പര്‍മാരായ അജിത്ത് ജോര്‍ജ്, റീന റിനോള്‍ഡ്, ലിന്‍സി ജെയിംസ്, ജോളി ടോമി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും വ്യാപാരി വ്യവസായി പ്രതിനിധികളും നിരവധി നാട്ടുകാരും പരിപാടികളില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.