വൈക്കം സത്യഗ്രഹം നടന്ന പടിഞ്ഞാറെ നടയിൽ ബസ്സ് കാത്തിരുപ്പു കേന്ദ്രത്തിൽ വലിയ ജനക്കൂട്ടമുണ്ട്. ജോലികഴിഞ്ഞ് എത്തിയവരും വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളും ബസ്സ് കാത്ത് നിൽക്കുന്നു. അവർക്ക് ഇടയിലേക്ക് മൈക്കുമായി ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ നാട്ടകം സുരേഷും. ഒപ്പം സാംസ്കാരിക പ്രവർത്തകരും കോൺഗ്രസ് നേതാക്കളുമുണ്ട്.
ബസ്സ് കാത്തു നിന്ന പൂത്തോട്ടക്കാരൻ സുകുമാരനോട് നാട്ടകം സുരേഷ് ചോദിച്ചു: “ചേട്ടാ എന്തിനു വേണ്ടിയാണ് വൈക്കം സത്യഗ്രഹം നടത്തിയത് ? “ഉടൻ വന്നു മറുപടി: ” ക്ഷേത്ര പ്രവേശനത്തിനു വേണ്ടി ” ” അല്ലല്ലോ ചേട്ടാ . ആർക്കെങ്കിലും ഉത്തരം പറയാമേ?” നാട്ടകം സുരേഷ് ചോദിച്ചു. “പൊതുനിരത്തിലൂടെ അയിത്തജാതിക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം നേടുന്നതിനു വേണ്ടി ” കോളേജ് വിദ്യാർത്ഥിനിയായ അരുണിമ മറുപടി പറഞ്ഞു. “ഉത്തരം ശരിയാണ് ” ചോദ്യകർത്താവ് പറഞ്ഞു. ഉടനെ വി.പി. സജീന്ദ്രൻ ഒരു പേന സമ്മാനമായി നൽകി.
സംസ്കാര സാഹിതി സംഘടിപ്പിച്ച തെരുവോര ചരിത്ര പ്രശ്നോത്തരിയുടെ തുടക്കമായിരുന്നു ഇത്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ പ്രചാരത്തിന്റെ ഭാഗമായാണ് സമാനതകളില്ലാത്ത ഈ പരിപാടി നടന്നത്.

ചരിത്ര പ്രശ്നോത്തരി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ചരിത്ര സംവാദത്തിന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ,എം.ലിജു എന്നിവർ ഒപ്പം ചേർന്നു. എം.കെ.ഷിബു, ഗിരിജ ജോജി, ആദർശ് രഞ്ജൻ , ജോൺ തറപ്പേൽ , വിജയമ്മ ബാബു, ശ്രീദേവി അനിരുദ്ധൻ , ബി.ചന്ദ്രശേഖരൻ ,കെ.കെ.സചിവോത്തമൻ എന്നിവർ നേതൃത്വം നൽകി.
സമാപന സമ്മേളനത്തിൽ അക്കരപ്പാടം ശശി, മോഹൻ ഡി.ബാബു, അഡ്വ.എ. സനീഷ് ക്കുമാർ, ജയ് ജോൺ പേരയിൽ , ബി. അനിൽ ക്കുമാർ എന്നിവർ പ്രസംഗിച്ചു.