Erattupetta

വാഗമൺ റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട : പതിറ്റാണ്ടുകളായി തകർന്നു കിടന്ന ഈരാറ്റുപേട്ട – വാഗമൺ റോഡ് ബിഎം&ബിസി നിലവാരത്തിൽ റീ ടാറിങ് ധൃതഗതിയിൽ പുരോഗമിക്കുന്നതായി പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ ഇതുവരെയുള്ള ടാറിങ് പ്രവർത്തികൾ വിലയിരുത്തുന്നതിനും, തുടർന്നുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുമായി തീക്കോയി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.

ഈരാറ്റുപേട്ട മുതൽ ഒറ്റയീട്ടി വരെയുള്ള 16 കിലോമീറ്റർ ദൂരം ഇതിനോടകം ബിഎം ടാറിങ് പൂർത്തീകരിച്ചു കഴിഞ്ഞു. തീക്കോയി മുതൽ ഒറ്റയീട്ടി വരെയുള്ള 10 കിലോമീറ്റർ രണ്ടാംഘട്ട ബിസി ടാറിങ്ങും ഇതിനോടകം പൂർത്തീകരിച്ചു. മാർച്ച് 6 മുതൽ ഒറ്റയീട്ടി മുതൽ വഴിക്കടവ് വരെയുള്ള ഏഴു കിലോമീറ്റർ അവസാന റീച്ച് ബി എം ടാറിങ് ആരംഭിക്കുമെന്നും,ഈ പ്രവർത്തി മാർച്ച് 12നുള്ളിൽ പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.

തുടർന്ന് മാർച്ച് 13 മുതൽ ഈരാറ്റുപേട്ട മുതൽ തീക്കോയി വരെയുള്ള ഭാഗം ഒന്നാംഘട്ട ബി എം ടാറിങ്ങിന്റെ പോരായ്മകൾ പരിഹരിക്കുകയും, രണ്ടാംഘട്ട ബിസി ടാറിങ് നടത്തുന്നതിനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ പ്രവർത്തി മാർച്ച് 20-)o തീയതിയോടുകൂടി പൂർത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തുടർന്ന് ഒറ്റയീട്ടി മുതലുള്ള അവസാന റീച്ചിന്റെയും ബിസി ടാറിങ് നടക്കും.

പിന്നീട് സൈഡ് കോൺക്രീറ്റിംഗ്, ഓട നിർമ്മാണം, സംരക്ഷണഭിത്തികൾ, കലുങ്കുകൾ ക്ലിയർ ചെയ്യൽ, മറ്റ് അറ്റകുറ്റപ്പണികൾ, റോഡ് സുരക്ഷാക്രമീകരണങ്ങൾ എന്നിവ കൂടി നടപ്പിലാക്കി ഏപ്രിൽ മാസത്തിൽ പൂർണ്ണമായും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും, ഇതുകൂടാതെ മുൻപ് അനുവദിക്കപ്പെട്ട 64 കോടി രൂപ വിനിയോഗിച്ച് വീതി കൂട്ടി ടാറിങ് നടത്തുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പു നടപടികളും ഊർജിതമായി നടന്നു വരികയാണെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published.