പാലാ: ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളാ ഫുട്ബോൾ അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുളള 47 മത് ഓൾ കേരളാ അണ്ടർ 19 ഇൻ്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ഇന്ന് നടക്കും. ഫൈനലിൽ മലപ്പുറവും തൃശൂരും തമ്മിൽ മത്സരിക്കും.
ആദ്യ സെമിയിൽ മലപ്പുറം (1-0) കോഴിക്കോടിനെ പരാജയപ്പെടുത്തി. രണ്ടാം സെമിയിൽ 1-1 ന് സമനിലയെ തുടർന്ന് പെനാൽറ്റി ഷൂട്ട് ഔട്ടിൽ എറണാകുളത്തെ (2- 4) തൃശൂർ പരാജയപ്പെടുത്തി.

ഇന്ന് രാവിലെ നടക്കുന്ന ലൂസേഴ്‌സ് ഫൈനലിൽ കോഴിക്കോട് എറണാകുളത്തിനെ നേരിടും. വൈകുന്നേരം 3.30 ന് ഫൈനലിൽ തൃശൂർ മലപ്പുറത്തിനെ നേരിടും.സമാപന സമ്മേളനം മാണി സി കാപ്പൻ എം എൽ എ യുടെ അധ്യക്ഷതയിൽ തോമസ് ചാഴികാടൻ എം പി നിർവ്വഹിക്കും. ജോസ് കെ മാണി എം പി, മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. ബ്രില്യൻ്റ് സ്റ്റഡി സെൻറർ ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു സമ്മാനദാനം നിർവ്വഹിക്കും.
എ,ബി,സി,ഡി പൂളുകളിലായി കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഈ ചാമ്പ്യൻഷിപ്പിൽ നിന്നുമാണ് സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത്.പാലാ സ്പോർട്ട്സ് അക്കാദമിയും ജി വി രാജ ഫുട്ബോൾ അക്കാദമിയും സംയുക്തമായിട്ടാണ് ചാമ്പ്യൻ ഷിപ്പിന് ആതിഥ്യമരുളുന്നത്.