kottayam

റബ്ബർ വില സ്ഥിരതാഫണ്ട് അട്ടിമറിച്ച സി പി ഐ (എം) ന്റേത് കപട കർഷക പ്രേമം: തിരുവഞ്ചൂർ രാധകൃഷ്ണൻ

കോട്ടയം: റബർവില സ്ഥിരതാ ഫണ്ട് അട്ടിമറിച്ച സി പി എം റബർകർഷക സംഗമം നടത്തിയത് രാഷ്ട്രീയ തട്ടിപ്പാണെന്നും, കപട കർഷക പ്രേമമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ചിരുന്ന കർഷകർക്ക് വേണ്ടി ഒരു പദ്ധതി പോലും പ്രഖ്യാപിക്കാതെ മുഖ്യമന്ത്രി കർഷകരെ അപമാനിച്ച് മടങ്ങുകയാണ് ചെയ്തതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

മുൻ യുപിഎ സർക്കാരിനെയും ഇപ്പോഴത്തെ കേന്ദ്രസർക്കാരിനെയും കുറ്റം പറഞ്ഞ് തടിതപ്പാൻ ശ്രമിക്കാതെ റബർ കർഷകർക്ക് ആശ്വാസമായ പദ്ധതി പ്രഖ്യാപിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

പിണറായി സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലെ നികുതികൾ പിൻവലിച്ച് വിലക്കയറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും,കർഷക അവഗണനയിൽ പ്രതിഷേധിച്ചും യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം നടന്ന രാപ്പകൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന അധിക സെസ് പിൻവലിക്കുന്നതുവരെ യുഡിഎഫ് സമര മുഖത്ത് ഉണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ്, കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം എക്സ് എം പി, യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ജോസി സെബാസ്റ്റ്യൻ, പി എ സലിം, സാജു എം ഫിലിപ്പ്, ടോമി വേധഗിരി, കെ റ്റി ജോസഫ്, എൻ ഐ മത്തായി, റഫിക്ക് മണിമല, പി എസ് രഘുറാം, ഫിലിപ്പ് ജോസഫ്, തോമസ് കല്ലാടൻ, സിബി ജോൺ, എസ് രാജീവ്, കുര്യൻ പി.കുര്യൻ, പി സി മാത്യു, ജോയി ചെട്ടിശേരി, ചെറിയാൻ ചാക്കോ, അപ്പാൻചിറ പൊന്നപ്പൻ , ജി ഗോപകുമാർ, യുജിൻ തോമസ്, നന്തിയോട് ബഷീർ, ജാൻസ് കുന്നപ്പള്ളിൽ, പി എം സലിം , ഷാനവാസ് പാഴൂർ, റ്റി സി റോയി,തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.