കോട്ടയം: ഒരു രേഖകളും ഇല്ലാതെ കോട്ടയം ജില്ലാ പഞ്ചായത്ത് 13 കോടി രൂപ ചെലവഴിച്ചതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അഴിമതിക്ക് നേതൃത്വം കൊടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണ സമിതിക്കെതിരെയും, ഒത്താശ ചെയ്തു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിലും, കൺവീനർ ഫിൽസൺ മാത്യൂസും, സെക്രട്ടറി അസീസ് ബഡായിലും ആവശ്യപ്പെട്ടു.
നടപ്പാക്കാത്ത പദ്ധതികൾക്ക് പോലും കരാറുകാർക്ക് ഫണ്ട് കൈമാറിയതായി ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ അതീവ ഗൗരവമാണെന്നും കോട്ടയം ജില്ലാ പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കാട്ടു കൊള്ളയാണെന്നും നേതാക്കൾ ആരോപിച്ചു.
ബജറ്റിലെ വരവ് ചിലവ് കണക്കും, യഥാർത്ഥ കണക്കും തമ്മിൽ വലിയ അന്തരം ഉണ്ടായിരിക്കുന്നത് അഴിമതിക്കുള്ള മുന്നൊരുക്കമാണ് ബഡ്ജറ്റിലൂടെനടന്നത് എന്നതിന്റെ പ്രകടമായ തെളിവാണെന്നും കുറ്റപ്പെടുത്തി.