പറത്താനം, ചോലത്തടം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നു. വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും തിരികെയുമുള്ള യാത്രയാണ് ഏറെ പ്രതിസന്ധിയാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്കുള്ള ബസ് ബ്രേക്ക് ചെയ്തപ്പോൾ വീണ് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളുടെ കൈക്ക് പൊട്ടലുണ്ടായി.
അവികസിത മലയോര മേഖലകളായ പറത്താനം, ചോലത്തടം പ്രദേശത്തു നിന്നും വിദ്യാർത്ഥികൾക്ക് പൂഞ്ഞാറിലുള്ള സ്കൂളിലെത്താൻ 15 കി.മീറ്റർ യാത്ര ചെയ്യണം . അപകടകരവും കുത്തനെയുള്ളതുമായ കയറ്റിറക്കങ്ങളും ഹെയർപിൻ വളവും ഉള്ള ഈ റൂട്ടിൽ രാവിലെ 8.30 ന് ഒരു KSRTC ബസ് മാത്രമാണ് ആശ്രയം.
തിരക്കു കാരണം പല കുട്ടികൾക്കും സ്കൂളിലെത്താൻ കഴിയാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്താൻ ഏറെ വൈകുന്നത് രക്ഷിതാക്കളിൽ ഭീതിയുണ്ടാക്കുന്നു. പലപ്പോഴും ബസിൽ കയറാനാകാതെ വരുന്ന വിദ്യാർത്ഥികളെ വീട്ടിൽ നിന്നും രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപോകുന്ന അവസ്ഥയുണ്ട്.
സ്വകാര്യ ബസുകൾ സർവ്വീസ് നടത്താൻ മടിക്കുന്ന ഈ റൂട്ടിൽ ഈരാറ്റുപേട്ട KSRTC ഡിപ്പോയിൽ നിന്നുള്ള ഒരു ബസാണ് ആശ്രയം. അതിൽ പല ഷെഡ്യൂളുകളും വെട്ടിക്കുറച്ചതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കിയത്.
അധികൃതരോടും ജനപ്രതിനിധികളോടും പല പ്രാവശ്യം പ്രശ്നത്തിന്റെ രൂക്ഷത ചൂണ്ടിക്കാണിച്ചിട്ടും ഫലമുണ്ടായിട്ടില്ല. വിദ്യാർത്ഥികളുടെ, പ്രത്യേകിച്ചും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്ന ഈ പ്രശ്നം ഒരു വിദ്യാഭ്യാസ മനുഷ്യാവകാശ ലംഘനവും അതിലുപരി മലയോര പിന്നാക്ക മേഖലയിലെ വിദ്യാഭ്യാസത്തെ പിന്നോട്ടടിക്കുന്നതുമാണ്.
സർക്കാർ ഈ പ്രശ്നം ഗൗരവത്തിൽ കാണുകയും ഈ റൂട്ടിൽ അടിയന്തിരമായി കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യം ശക്തമാകുന്നത്.