പ്രവിത്താനം: തങ്ങളുടെയും നാടിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ തൊഴിൽസഭകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പ്രവിത്താനം സെന്റ് അഗസ്റ്റ്യൻ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൊഴിൽസഭകളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. പുതിയ തൊഴിൽ നേടാനും തൊഴിൽ സംരഭങ്ങൾ തുടങ്ങാനും തൊഴിൽ സഭകൾക്ക് സഹായിക്കുക്കുമെന്നും എം എൽ എ പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, കില ഡയറക്ടർ ഡോ ജോയി ഇളമൺ, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, വിനോദ് വേരനാനി, ലാലി സണ്ണി, ആനന്ദ് ചെറുവള്ളിൽ, സെക്രട്ടറി സജിത്ത് മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ലൂക്കോസ് പൂണ്ടിക്കുളം, സുധീർ കെ എം, ബിനോജ് പി മാനുവൽ തുടങ്ങിയ സംരംഭകരെ ചടങ്ങിൽ മാണി സി കാപ്പൻ ആദരിച്ചു.
തൊഴിൽ അന്വേഷകരെ തിരിച്ചറിഞ്ഞ് അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി കേരളത്തിലും രാജ്യത്തിന് അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിൽ അന്വേഷകരെ നയിക്കുകയാണ് തൊഴിൽ സഭകളിലൂടെ ലക്ഷ്യമിടുന്നത്. 18 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള തൊഴിലന്വേഷകർക്ക് സംരഭക സാധ്യതകൾ മനസ്സിലാക്കുന്നതിനും ചർച്ച ചെയ്യുന്നതിനും സർക്കാർ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടാനും തൊഴിൽ സഭകൾ വഴിയൊരുക്കും.
ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ ഏഴ് വാർഡുകളുടെ തൊഴിൽ സഭയാണ് ഇന്നലെ നടന്നത്. 208 തൊഴിലന്വേഷകർ പരിപാടിയിൽ പങ്കെടുത്തു. എസ്.ബി.ഐ, കുടുംബശ്രീ, വ്യവസായം, ഖാദി, അസാപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും തൊഴിൽ സഭയുടെ ഭാഗമായി സജ്ജീകരിച്ചിരുന്നു.