top news

കണ്ണീര്‍ക്കടലായി താനൂര്‍; ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി, രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയും

കേരളത്തെ നടുക്കിയ താനൂര്‍ ദുരന്തത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ പാല്‍ രാജ്പുത്തിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്.

ഔദ്യോഗിക തെരച്ചില്‍ അവസാനിപ്പിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളുടെ അഭ്യര്‍ഥന മാനിച്ച് അനൗദ്യോഗിക തെരച്ചില്‍ തുടരുകയായിരുന്നു. അഗ്‌നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രാത്രി വൈകിയും തെരച്ചില്‍ നടത്തി.

ഇതുവരെ സ്ഥിരീകരിച്ചത് 22 പേരുടെ മരണമാണ്. ഹസ്‌ന (18), സഫ്‌ന (7), ഫാത്തിമ മിന്‍ഹ(12), സിദ്ധിക്ക് (35), ജഴല്‍സിയ (40), അഫ്‌ലഹ് (7), അന്‍ഷിദ് (10), റസീന, ഫൈസാന്‍ (4), സബറുദ്ധീന്‍ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്‌ല ഷെറിന്‍, റുഷ്ദ, ആദില ശെറി, അയിഷാബി, അര്‍ഷാന്‍, അദ്‌നാന്‍, സീനത്ത് (45 ), ജെറിര്‍ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്.

മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. മൂന്ന് കുട്ടികള്‍ അടക്കം പത്ത് പേര്‍ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിലാണ്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചിത്സയിലുള്ളത്. മൂന്ന് പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചിലാണ് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയത്. സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് എത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് ഏകോപന ചുമതല.

Leave a Reply

Your email address will not be published.