കൊല്ലപ്പള്ളി: സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി തുടക്കമായി. ചാമ്പ്യൻഷിപ്പിനു മുന്നോടിയായി വിസിബിൽ നിന്നും കൊടുമ്പിടിയിലേക്ക് വിളംബര ജാഥ നടത്തി.
ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ കുര്യാക്കോസ് ജോസഫിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെബർ രാജേഷ് വാളിപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി.

ടൂർണമെന്റ് കമ്മിറ്റി കൺവീനർ ജയ്സൺ പുത്തൻകണ്ടം, വിസിബ് സെക്രട്ടറി തങ്കച്ചൻ കുന്നുംപുറം, പഞ്ചായത്ത് മെബർമാരായ ജയ്സി സണ്ണി, വി. ജി. സോമൻ, ടൂർണമെന്റ് കമ്മിറ്റി പ്രസിഡന്റ് ജെറി ജോസ്, സിബി അഴകൻപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. പൂൾ തലത്തിൽ നടന്ന പ്രാഥമിക റൗണ്ടിൽ 12 മത്സരങ്ങൾ ഇന്നലെ നടന്നു.
കൊല്ലപ്പള്ളി പഞ്ചായത്ത് സ്‌റ്റേഡിയത്തിലും കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിലുമാണ് ചാമ്പ്യൻഷിപ്പ് നടത്തപ്പെടുന്നത്.
ഇന്ത്യൻ താരങ്ങളും സംസ്ഥാന താരങ്ങളും ഉൾപ്പെടുന്ന കേരള പോലീസ്, കെ എസ് ഇ ബി, ബി പി സി എൽ, ഇന്ത്യൻ കസ്റ്റംസ്, ഇന്ത്യൻ യൂണിവേഴ്സിറ്റി താരങ്ങളും ഇന്ത്യൻ യൂത്ത് താരങ്ങളും പുരുഷ-വനിതാ വിഭാഗങ്ങളിൽ മത്സരിക്കുന്നു.
സീനിയർ – സബ്ബ് ജൂനിയർ വിഭാഗങ്ങളിലെ 56 ടീമുകളിലായി 700 പരം താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. മന്ത്രിമാരായ വി എൻ വാസവൻ, അബ്ദുൾ റഹ്മാൻ, റോഷി അഗസ്റ്റിൻ, എം പി മാരായ തോമസ് ചാഴികാടൻ, ജോസ് കെ മാണി, എം എൽ എ മാരായ മാണി സി കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, പഞ്ചായത്ത് പ്രസിഡൻ്റ് ഉഷ രാജു, സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ, അർജുന അവാർഡ് ജേതാവ് ടോം ജോസ് തുടങ്ങിയവർ പങ്കെടുക്കും.
ഇന്നലെ ആരംഭിച്ച സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് 31ന് സമാപിക്കും. സീനിയർ ചാമ്പ്യൻഷിപ്പ് ജനുവരി ഒന്നു മുതൽ 7 വരെ നടക്കും.
കൊടുമ്പിടി വിസിബ്, എവർഗ്രീൻ കടനാട്, സിറ്റി ക്ലബ്ബ് കൊല്ലപ്പള്ളി എന്നിവരാണ് ചാമ്പ്യൻഷിപ്പിൻ്റെ സംഘാടകർ.