Erattupetta

അരുവിത്തുറയിൽ ഹൃദയത്തിന്റെ നന്മയുടെ മുത്തുകൾ ഒഴുകുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്

അരുവിത്തുറ: അരുവിത്തുറയുടെ സാമൂഹിക സാംസ്കാരിക ആദ്ധ്യാത്മീക നവോഥന മുന്നേറ്റമായ സഹദായുടെയും പാലാ രൂപതയുടെ ഹോം പ്രോജക്ടിന്റെയും ഭാഗമായി പാർപ്പിടമില്ലാത്ത 22 നിർധനർക്ക് വീട് വച്ചു നൽകുകയാണ് അരുവിത്തുറ പള്ളി. ഈ വീടുകളുടെ ശിലാഫലകങ്ങളുടെ വെഞ്ചരിപ്പ്കർമ്മം പാലാ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

അരുവിത്തുറയുടെ ഹൃദയത്തിന്റെ നന്മയുടെ മുത്തുകൾ പുറത്തേയ്ക്കു ഒഴുകുന്നത് ഇത്തരം സേവനത്തിലൂടെയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പെരുന്നിലം ഭാഗത്ത് രണ്ടര ഏക്കർ സ്ഥലം പള്ളി വാങ്ങിക്കുകയും അതിൽ 22 വീടുകൾ നിർമ്മിക്കുവാനുമാണ് തീരുമാനം എടുത്തിരിക്കുന്നത്.

എല്ലാ വീടിനും വാഹനം എത്തുവാനുള്ള റോഡുകളും കുടിവെള്ള കണക്ഷനും വൈദ്യുതി കണക്ഷനും ലഭ്യമാക്കുന്നതാണ്. സാധാരണ മൂന്നു മുതൽ അഞ്ച് സെന്റ് സ്ഥലം വരെയാണ് വീട് വയ്ക്കുന്നതിന് നൽകുന്നതെങ്കിൽ അരുവിത്തുറ പള്ളി നൽകുന്നത് 10 സെന്റ് സ്ഥലമാണ്. ബാക്കിയുള്ള 30 സെന്റ് സ്ഥലം ഈ വീടുകൾക്ക് പൊതുവായ കാര്യങ്ങൾ ചെയ്യുന്നതിനു വേണ്ടി നൽകുന്നതുമാണ്.

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. അസി. വികാരിമാരായ സെബാസ്റ്റ്യൻ നടുത്തടം, ഫാ. ആന്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ജോസഫ് മൂക്കൻതോട്ടത്തിൽ, പി.സി. ജോർജ്, ഷോൺ ജോർജ് എന്നിവർ പ്രസംഗിച്ചു.

ഡോ. റെജി വർഗീസ് മേക്കാടൻ, ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.