പാലാ: റോഡുസുരക്ഷയ്ക്കു പ്രാധാന്യം നൽകിയുള്ള റോഡ് വികസനം സാധ്യമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ ഇടപ്പാടി കുന്നേമുറി പാലം മുതൽ ഭരണങ്ങാനം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് റോഡ് സുരക്ഷയ്ക്കായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡുകൾ നല്ല നിലവാരത്തിൽ പണി കഴിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധാലുവായിരിക്കണം. ഒരാൾ അശ്രദ്ധനായാൽ നിയമം പാലിച്ചു വാഹനങ്ങൾ ഓടിക്കുന്നവർ അപകടത്തിൽപ്പെടും. നമ്മുടെ സുരക്ഷയ്ക്കൊപ്പം കാൽനടക്കാർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നും എം എൽ എ നിർദ്ദേശിച്ചു.
ഈ ഭാഗത്ത് സ്ഥിരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങൾ പരിഹരിക്കുന്നതിനായി റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 95.5 ലക്ഷത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തുന്നത്.

ഇടപ്പാടി കുന്നേമുറി മുതൽ ഭരണങ്ങാനം വരെയുള്ള പ്രദേശത്തെ വെള്ളക്കെട്ട് നീക്കുന്നതിന് സ്ലാബോഡു കൂടിയ ഓടകൾ, വീതി കുറഞ്ഞ ഭാഗത്ത് ഫുട്പാത്ത്, ഭരണങ്ങാനം ടൗണിലും ഇടപ്പാടി ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ്, വാർണിംഗ് ബ്ലിംകർ തുടങ്ങിയവയും ഇതിൻ്റെ ഭാഗമായി നിർമ്മിക്കും. ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണി അധ്യക്ഷത വഹിച്ചു.