ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീ ടാറിങ്ങിന് അനുവദിക്കപ്പെട്ട 19.90 കോടി രൂപ വിനിയോഗിച്ച് റീ-ടാറിങ്ങിന് ആദ്യം കരാർ ഏറ്റെടുത്തിരുന്ന ഡീൻ കൺസ്ട്രക്ഷൻസിന്റെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ മൂലം റീടാറിങ് പ്രവർത്തികൾ കാര്യമായി നടക്കാതിരുന്ന സാഹചര്യത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് കത്ത് നൽകിയതിനെ തുടർന്ന് ഉന്നതതല യോഗം ചേർന്ന് വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കാൻ നിശ്ചയിക്കുകയും, റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്ത് പ്രവർത്തി റീ-ടെണ്ടർ ചെയ്യുകയുമായിരുന്നു.

തുടർന്ന് മുൻ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. റീ-ടെൻഡറിൽ 7 കരാറുകാർ ക്വോട്ട് ചെയ്തു എങ്കിലും പ്രീ-ക്വാളിഫിക്കേഷനിൽ 5 പേരാണ് യോഗ്യത നേടിയത്. ഇതിൽ നിന്നും ഏറ്റവും കുറച്ച് ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് കരാർ ലഭിച്ചിരിക്കുകയാണ്.
കേരളത്തിലെ തന്നെ മികച്ച കരാർ ഏജൻസികളിൽ ഒന്നും, ഈ രംഗത്തെ ഏറ്റവും പ്രമുഖ കോപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കലിന് പ്രവർത്തി ലഭിച്ചതോടുകൂടി വേഗത്തിൽ തന്നെ പ്രവർത്തി പുനരാരംഭിക്കാനും സമയബന്ധിതമായി ഗുണനിലവാരത്തോടുകൂടി പ്രവർത്തി പൂർത്തീകരിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സെലക്ഷൻ നോട്ടീസ്, എഗ്രിമെന്റ് തുടങ്ങി മറ്റ് ഇതര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഈ മാസം തന്നെ റോഡ് നിർമ്മാണ പ്രവർത്തി പുനരാരംഭിക്കും എന്ന് പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
