പാലാ: ഇടപ്പാടി കുന്നേമുറിയിൽ നടപ്പാതയും റോഡും കൈയ്യേറി സ്ലാബ് സ്ഥാപിച്ചതുമൂലമാണ് ഒരു മനുഷ്യ ജീവൻ പൊലിയാൻ ഇടയാക്കിയതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
അനധികൃതമായി സ്ഥാപിച്ച താൽക്കാലിക സ്ലാബുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൊതുമരാമത്ത് അധികൃതർ നീക്കം ചെയ്തതിലൂടെ ഫൗണ്ടേഷൻ്റെ ആരോപണം ശരിവയ്ക്കുകയാണ്. സ്ലാബുകൾ നീക്കം ചെയ്തത് പൊതുമരാമത്ത് വകുപ്പിൻ്റെ കുറ്റസമ്മതമായി കണക്കാക്കി നരഹത്യയ്ക്കു കേസെടുക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

നിഷ്കളങ്കയായ ഒരു പെൺകുട്ടിയുടെ മരണത്തിനും ഒരു കുടുംബത്തെ ഒന്നാകെ തീരാ ദുഃഖത്തിലേയ്ക്കും തള്ളി വിട്ട പൊതുമരാമത്ത് വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണ്.
ഗുരുതരമായി പരുക്ക് പറ്റിയ അഞ്ച് കുടുംബാംഗങ്ങൾ ചികിത്സയിലാണ്. ഇവർക്കുള്ള ചികിത്സാ ചെലവും നഷ്ടപരിഹാരവും പൊതുമരാമത്ത് വകുപ്പ് അധികൃതരിൽ നിന്നും കരാറുകാരനിൽ നിന്നും അടിയന്തിരമായി ഈടാക്കി ഇവർക്കു നൽകാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം പൊതുമരാമത്ത് വകുപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും.
ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന, ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ഇടപ്പാടി കുന്നേമുറി ഭാഗത്ത് അനധികൃതമായി നിർമ്മിച്ച വഴിയിൽ മാസങ്ങളായി ഇട്ടിരുന്ന സ്ലാബുകൾ നീക്കം ചെയ്യുന്നു.