ഭരണങ്ങാനം : പന്ത്രണ്ടേകാൽലക്ഷം രൂപ മുടക്കി മികച്ച രീതിയിൽ നിർമ്മാണം പൂർത്തിയാക്കിയ അങ്കണവാടിക്ക് വൈദ്യുതി നിഷേധിച്ച പഞ്ചായത്ത് അധികൃതരുടെ പകപോക്കൽ. ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം വാർഡിലെ പതിനൊന്നാം നമ്പർ അംഗനവാടിയിലെ 12 കുട്ടികളാണ് കൊടിയ ചൂടിൽ വൈദ്യുതി ലഭ്യമാക്കാത്തതു മൂലം ബുദ്ധിമുട്ടുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അഞ്ച്ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച്ലക്ഷം രൂപയും വനിത ശിശുക്ഷേമ വകുപ്പിൽ നിന്നും അനുവദിച്ച രണ്ടു ലക്ഷം രൂപയും പഞ്ചായത്ത് വിഹിതമായ 25000 രൂപയും ഉൾപ്പെടെ പന്ത്രണ്ടേകാൽലക്ഷം രൂപയ്ക്കാണ് അങ്കണവാടിയുടെ നിർമ്മാണ പൂർത്തീകരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ എം.എൽ.എ.യും ജില്ലാ പഞ്ചായത്ത് മെമ്പറുടെ അധ്യക്ഷതയിൽ എം.പിയും ഉദ്ഘാടനം നിർവഹിച്ചത് വിവാദത്തിൽ ആയിരുന്നു. അംഗനവാടിക്ക് വൈദ്യുതി ലഭ്യമാക്കേണ്ട ചുമതല പഞ്ചായത്തിനാണ്. എന്നാൽ പി.ടി.എ. ഭാരവാഹികൾ പലതവണ ആവശ്യപ്പെട്ടിട്ടും വൈദ്യുതി ലഭ്യമാക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല.

സ്വന്തം ചെലവിൽ അംഗനവാടി വൈദ്യുതീകരിക്കുവാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിരിക്കുകയാണ് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ. അതിനിടെ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട അങ്കണവാടിക്ക് അനുമതിയില്ലെന്നും അംഗനവാടി അടച്ചുപൂട്ടി പഴയ കെട്ടിടത്തിലേക്ക് മാറ്റണം എന്നുമുള്ള പഞ്ചായത്ത് സെക്രട്ടറിയുടെനിർദ്ദേശം പുതിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പഴയ കെട്ടിടത്തിലേക്ക് അംഗനവാടി മാറ്റിയാൽ തങ്ങളുടെ കുട്ടികളെ യാതൊരു കാരണവശാലും ഈ അംഗണവാടിയിലേക്ക് വിടില്ല എന്നുള്ള കർശന നിലപാടിലാണ് മാതാപിതാക്കൾ.