കോട്ടയം:പ്രവാസി കേരളാ കോൺഗ്രസ് എം യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കെ എം മാണി കാരുണ്യ പഠനസഹായ പദ്ധതിയുടെ ഉദ്ഘാടനം. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിച്ചു.
പ്ലസ് ടുവിന് 1200ൽ1198 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പ്രിസ്കാ മരിയാ സെബാസ്റ്റ്യന് എൻട്രൻസ് പരിശീലനത്തിന് ആവശ്യമായ തുക നൽകിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിനിയാണ് പ്രിസ്ക മരിയ സെബാസ്റ്റ്യൻ. കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഈ മിടുക്കി പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമായ പ്രിസ്ക പഠനത്തിൽ ചെറുപ്പം മുതൽ മികവ് തെളിയിച്ചിട്ടുണ്ട്.

പ്ളസ് ടുവിന് ഉന്നത വിജയം നേടി കഴിഞ്ഞപ്പോൾ മാതാപിതാക്കളുടെയും കുട്ടിയുടേയും ആഗ്രഹം ഡോക്ടറാകണം എന്നതായിരുന്നു. വാടക വീട്ടിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് ആഗ്രഹം ഉള്ളിൽ ഒതുക്കുക അല്ലാതെ മറ്റു നിവൃത്തി ഉണ്ടായിരുന്നില്ല. ഇവരുടെ വിഷമം കണ്ടറിഞ്ഞ കേരള കോൺഗ്രസ് എം പ്രവർത്തകരിൽ ഒരാളാണ് പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ കുടുംബത്തെക്കുറിച്ച് പരിചയപ്പെടുത്തിയത്.
പാർട്ടി നേതാക്കൾ വഴി ചെയർമാൻ ജോസ് കെ മാണി എംപി വിവരമറിയുകയും വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുവാൻ സന്നദ്ധത മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് വേണ്ട സഹായം ചെയ്യുവാൻ വേണ്ടി പ്രവാസി കേരള കോൺഗ്രസ്എം യുഎഇ ഘടകത്തെ അദ്ദേഹം ചുമതലപ്പെടുത്തി. തുടർന്ന് എൻട്രൻസ് പരിശീലനത്തിന് വേണ്ടി കുട്ടിയെ പാലാ ബ്രില്യന്റില്‍ ചേർത്തു.

ജോസ് കെ മാണി ഇടപെട്ട് ഫീസിളവ് അടക്കമുള്ള ആനുകൂല്യങ്ങൾ നേരത്തെ ലഭ്യമാക്കിയിരുന്നു. ഒരു വർഷത്തെ കുട്ടിയുടെ പഠനത്തിന് ആവശ്യമായ ഹോസ്റ്റൽ, മെസ്സ് ഫീ ഉൾപ്പെടെയുള്ള ആവശ്യത്തിലേക്കായി ഒരു ലക്ഷത്തി പതിനേഴായിരം രൂപ പ്രവാസി കേരള കോൺഗ്രസ്എം യുഎഇ ചാപ്റ്റർ സ്വരൂപിച്ച് നൽകി.
കുമാരി പ്രിസ്കയുടെയും കുടുംബത്തിന്റെയും ആഗ്രഹം പോലെ പഠിച്ചു മിടുക്കിയായി ഡോക്ടറായി തീരട്ടെ എന്ന് ജോസ് കെ മാണി എംപി ആശംസിച്ചു. ഈ പദ്ധതിയിൽ ചേർന്ന് പ്രവർത്തിച്ച യുഎഇ യിലെ പ്രവാസി കേരളാ കോൺഗ്രസ് എം ന്റെ പ്രസിഡൻറ് എബ്രഹാം പി സണ്ണിയെയും മറ്റു പ്രവർത്തകരെയും ജോസ് കെ മാണി അഭിനന്ദിച്ചു.
കേരളാ കോൺഗ്രസ് എം ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ് പാർട്ടി ജനറൽ സെക്രട്ടറിയും കെ.സി.എം ഐ.ടി വിംങ് ഡയറകടറുമായ അഡ്വ.അലക്സ് കോഴിമല, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സഖറിയാസ് കുതിരവേലി കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം ഐ.ടി വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ ജയകൃഷ്ണൻ പുതിയേടത്ത്, പ്രിസ്ക യുടെ പിതാവ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.