Thidanad

പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു

തിടനാട് : തിടനാട് ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലൂടെ കടന്നുപോകുന്ന പൂവത്തോട് -ഗ്രീൻ സിറ്റി-കല്ലറങ്ങാട് റോഡിന്റെ നവീകരണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 20 ലക്ഷം രൂപയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്നും 15 ലക്ഷം രൂപയും ഉൾപ്പെടെ 35 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

നാലുവർഷത്തോളമായി ഈ റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടർന്ന് ഗതാഗതം സാധ്യമല്ലാത്ത നിലയിലായിരുന്നു. കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ തിടനാട് നിന്നും പൈകയിലേക്കുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡ് എന്ന നിലയിൽ ബസ് ഗതാഗത സൗകര്യം ഉൾപ്പെടെയുള്ളതുമായ ഈ റോഡ് ഗതാഗത യോഗ്യമാക്കണമെന്നുള്ളത് പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ ഈ പ്രദേശത്ത് താമസിക്കുന്ന 150ഓളം കുടുംബങ്ങൾക്കും, തിടനാട്-പൈക റൂട്ടിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്കും ഇത് ഏറെ പ്രയോജനപ്രദമാകും.

ഉദ്ഘാടന സമ്മേളനത്തിൽ തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കല്ലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ, മിനി സാവിയോ വെട്ടിക്കൽ, പഞ്ചായത്ത് മെമ്പർമാരായ സുരേഷ് കാലായിൽ, സ്കറിയാച്ചൻ പൊട്ടനാനി, ലിസി തോമസ്, എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പൊതുപ്രവർത്തകരുമായ റെജി വട്ടമറ്റം,
അഡ്വ. അബേഷ് അലോഷ്യസ്, ഡൊമിനിക് കല്ലാട്ട്, റോബിൻ കുഴിപ്പാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.