General

പഴയപുരയ്ക്കൽ പാലം അപകടാവസ്ഥയിൽ; റോഡും തകർന്നു

കവീക്കുന്ന്: കവീക്കുന്ന് – പാമ്പൂരാംപാറ റോഡിലുള്ള പഴയപുരയ്ക്കൽ പാലത്തിൽ ദ്വാരം രൂപപ്പെട്ട് അപകടാവസ്ഥയിലായി. ഇവിടെ നിർമ്മിച്ച ചെക്കുഡാമിനു മുകളിലൂടെയുള്ള പാലത്തിലാണ് വലിയ ദ്വാരം രൂപപ്പെട്ടത്. രാത്രി കാലത്തോ സ്ഥിരം യാത്രികരോ അല്ലാത്തയാളുകൾ വരുകയോ ചെയ്താൽ വാഹനം കുഴിയിൽ ചാടി അപകട സാധ്യത നിലനിൽക്കുകയാണ്.

നാട്ടുകാർ അപകട സാഹചര്യം കണക്കിലെടുത്ത് ഇവിടെ കമ്പുകൾ ഉയർത്തിച്ചിട്ടുള്ളതുമാത്രമാണ് ഏക മുന്നറിയിപ്പ്. വലിയ മൂന്ന് റിങ്ങുകളിറക്കി അതിനു മുകളിലൂടെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് പാലാ മുനിസിപ്പാലിറ്റിയും മറുഭാഗത്ത് ഭരണങ്ങാനം പഞ്ചായത്തുമാണ്. ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

ഈ റോഡിൽപ്പെട്ട ഭരണങ്ങാനം പഞ്ചായത്തിലെ ഭാഗം പൂർണ്ണമായും തകർന്നു തരിപ്പണമായ അവസ്ഥയിലാണ്. ഇതുവഴി പോയാൽ തിരക്കുകളിൽപ്പെടാതെ കവീക്കുന്ന് വഴി പാലായ്ക്കും മറുവശത്തേയ്ക്ക് പോയാൽ ഇടപ്പാടിയിലും പ്രവിത്താനത്തും എത്തിച്ചേരാനും സാധിക്കും. നിരവധി ആളുകളാണ് ദിനംപ്രതി ഈ റോഡിനെ ആശ്രയിക്കുന്നത്. ഇവിടുത്തെ ചെക്കു ഡാമിൽ കുളിക്കാനും മറ്റുമായി വാഹനങ്ങളിൽ നിരവധിയാളുകൾ എത്താറുമുണ്ട്.

ഈ സാഹചര്യത്തിൽ അടിയന്തിരമായി പാലത്തിൻ്റെ അപാകതകൾ പരിഹരിക്കണമെന്നും തകർന്ന റോഡ് ടാർ ചെയ്തു ഗതാഗതം സുഗമമാക്കണമെന്നും കവീക്കുന്ന് വികസന സമിതി ആവശ്യപ്പെട്ടു. കൺവീനർ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ഇടത്തൊട്ടി, ജോസഫ് കുര്യൻ, ഷൈജു കാരിമറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.