പാലാ: മഞ്ഞ് പെയ്യുന്ന ക്രിസ്മസ് കാലത്ത് തണുത്തു വിറച്ച് പാതയോരത്തും നടപ്പാതകളിലും വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും കൊതുകു കടിയുമേറ്റ് അന്തി ഉറങ്ങുവാൻ അഭയം തേടിയിരുന്ന യാചകർക്ക് ആശ്വാസമേകി നഗരസഭാധികൃതർ.
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലായി രാത്രി കാലത്ത് കിടന്നുറങ്ങിയിരുന്ന നിരവധി യാചകരെയാണ് ഇന്നലെ രാത്രിയിൽ നഗരസഭാധികൃതർ എത്തി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. പാലാ മരിയസദനത്തിൽ പ്രവർത്തിക്കുന്ന യാചക പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ച ഇവർക്ക് ആവശ്യമായ പരിചരണവും ഭക്ഷണവും കിടക്ക സ്വകര്യവും മരിയസദനം ഡയറക്ടർ സന്തോഷിൻ്റെ നേതൃത്വത്തിൽ നൽകി.
പലരും വളരെ മുഷിഞ്ഞ സാചര്യത്തിലും രോഗാവസ്ഥയിലുമായിരുന്നു. ചിലർ മദ്യത്തിന് അടിമകളായിരുന്നു.നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കരയുടേയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലം പറമ്പിലിൻ്റെയും നേതൃത്വത്തിലാണ് നഗരത്തിലെ വിവിധ ഇടങ്ങളിൽ എത്തി യാചകരെ കണ്ടെത്തി നീക്കിയത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് നഗരത്തിൽ തമ്പടിക്കുന്ന യാചകരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഉത്സവ, തിരുനാൾ കാലഘട്ടങ്ങളിൽ വിവിധ മേഖലകളിൽ നിന്നും നിരവധി യാചകർ നഗരത്തിലെത്തുന്ന പതിവുണ്ടായിരുന്നു. ഇതിൽ ചിലർ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിരുന്നു. പോലീസ്, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരും യാചകരെ നീക്കം ചെയ്യുന്നതിനായി എത്തിയിരുന്നു.