Pala

ലണ്ടൻ ബ്രിഡ്ജ് കടക്കണമെങ്കിൽ കിറ്റ്കോ – കോൺട്രാക്ടർ തർക്കം തീരണം

പാലാ: പാലാ ഗ്രീൻ ടൂറിസം സർക്യൂട്ടിൻ്റെ ഭാഗമായി മീനച്ചിലാറിൻ്റെയും ളാലം തോടിൻ്റെയും സംഗമസ്ഥാനത്ത് നിർമ്മാണം പൂർത്തിയാക്കിയ പദ്ധതിയാണ് “ബ്യൂട്ടിഫിക്കേഷൻ ഓഫ് പാലാ ” കേന്ദ്രം.

ലണ്ടൻ ബ്രിഡ്ജിൻ്റെ മാതൃകയിൽ ഉള്ള 30 മീറ്റർ ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിൻ്റെ രൂപത്തിൽ ഗ്ലാസ് മേൽക്കൂരയോടു കൂടിയ ഭൂഗർഭ ഹാളും 300 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ കോൺഫ്രൻസ് ഏരിയ, ലഘുഭക്ഷണശാല, മിനി പാർക്ക്, സായാഹ്നസവാരി ക്കായിവാക് വേ, വിശ്രമത്തിനായി ഇരിപ്പിട സൗകര്യങ്ങൾ, വൈദ്യുത ദീപാലങ്കാരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള മനോഹര നിർമ്മിതിയാണ് രണ്ട് വർഷം മുൻപ് ഇവിടെ പൂർത്തിയാക്കിയത്.

മുൻ ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണിയുടെ ഈ സ്വപ്ന പദ്ധതിക്കായി ടൂറിസം വകുപ്പ് 5 കോടി രൂപയാണ് മുടക്കിയത്.ഈ കേന്ദ്രത്തിൽ നിന്നും മീനച്ചിലാറിൻ്റെ മറുകരയിലേക്കും പാലവും വിഭാവനം ചെയ്തിരുന്നു.2021 ഏപ്രിലിൽ ഗ്രീൻ ടൂറിസം പാലാ ഓഫീസിലെ എല്ലാ ജീവനക്കാരെയും പിരിച്ചു വിടപ്പെട്ടതോടെ ഓഫീസ് പ്രവർത്തനവും പാടേ നിലച്ചു.

വിനോദ സഞ്ചാര വകുപ്പിൻ്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർക്കാണ് ഇപ്പോൾ ഈ കേന്ദ്രത്തിൻ്റെ ചുമതല നൽകിയിരിക്കുന്നത്.ഈ ഓഫീസ് കുമരകത്താണ് പ്രവർത്തിക്കുന്നത്. കേരള സർക്കാർ കൺസൾട്ടൻസി സ്ഥാപനം കൂടിയായ ” കിററ്കോ “മുഖനയാണ് പദ്ധതി പൂർത്തിയാക്കിയത്. പണി പൂർത്തിയായ സമയത്ത് പാലാ ഗ്രീൻ ടൂറിസം പദ്ധതിയുടെ ബാലൻസ് ഫണ്ട് ശുഷ്കമായിരുന്നു.

കിററ്കോ ആവശ്യപ്പെട്ട ഫണ്ട് വിഹിതം നൽകുവാൻ തുക ഉണ്ടായിരുന്നില്ല. നിർമ്മാണം നടത്തിയ കോൺട്രാക്ടർക്ക് യഥാസമയം പണം കിട്ടാതെ വന്നതോടെ തർക്കം കോടതിയിലെത്തുകയും കോടതി നിർദ്ദേശിച്ച പ്രകാരമുള്ള തുക വിനോദ സഞ്ചാര വകുപ്പ് കോൺട്രാക്ടർക്ക് നൽകുകയും ചെയ്തു.

എന്നാൽ വാട്ടർ കണക്ഷനും വൈദ്യുത കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതു സംബന്ധിച്ച് കിറ്റ് കോയും കോൺട്രാക്ടറും തമ്മിലുള്ള തർക്കത്തിന് പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല.കരാർ പ്രകാരമുളള ജോലികൾ എല്ലാം പൂർത്തിയാക്കിയതായി കോൺട്രാക്ടറും, ഇല്ല എന്ന് കിറ്റ് കോയും തർക്കം തുടരുകയാണ്. പ്രശ്ന പരിഹാരത്തിന് ചർച്ച നടക്കുന്നതായാണ് അധികൃതർ പറയുന്നത്. ഇവിടെ വൈദ്യുതി, ജല കണക്‌ക്ഷനുകൾ എടുത്ത് നൽകിയ ശേഷം കിററ്കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവർത്തിപ്പിക്കാനാവില്ല.

പാലായിൽ നിന്നും 50 കി.മീ അകലെ കുമരകം കവണാറ്റിൻകരയിലുള്ള ടൂറിസം വകുപ്പിൻ്റെ ജില്ലാ കാര്യാലയത്തിൽ നിന്നും ഇവിടം പ്രവർത്തിക്കുന്നതിനാവശ്യമായ കാര്യങ്ങൾ നിയന്ത്രിക്കുവാൻ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതായി ജില്ലാ ഓഫീസ് അധികൃതരും പറയുന്നു. പാലാ ഗ്രീൻ ടൂറിസം പദ്ധതി ഓഫീസിനായി ഉണ്ടായിരുന്ന ജീപ്പ് ജില്ലാ കളക്ടർ പാലാ ആർ.ഡി.ഒയുടെ ഉപയോഗത്തിനായി വിട്ടു നൽകിയിരുന്നു.

പാലാ ഗ്രീൻ ടൂറിസം അമിനിറ്റി സെൻ്റ്റിൽ ജീവനക്കാരെ നിയമിച്ച് തുടർ നടപടികൾ
സ്വീകരിക്കണമെന്നാണ് ജില്ലാ ടൂറി സം വകുപ്പ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പാലാ നഗരസഭയും മറ്റുള്ളവരും ടൂറിസം മന്ത്രിക്ക് നൽകിയ പരാതിയിൽ തുടർനടപടികൾക്കായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായി വകുപ്പ് അധികൃതർ പറയുന്നു.കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിൽ ജോസ്.കെ.മാണിയുടെ പ്രതിനിധിയായി പങ്കെടുത്ത ജയ്സൺമാന്തോട്ടത്തിന് ജില്ലാ ഭരണകൂടം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വൈദ്യുതി, ജലകണക്ഷനുകൾ ലഭ്യമാക്കുകയും ഇതുസംബന്ധിച്ച് കിററ്കോയും കോൺട്രാക്ടറും തമ്മിലുള്ള തർക്കത്തിന് പരിഹാരം ഉണ്ടാക്കി എത്രയും വേഗം ടൂറിസം വകുപ്പിന് കൈമാറി പാലാ ടൂറിസം അമിറ്റി സെൻ്റെർ പ്രവർത്തനം ആരംഭിക്കുന്നതിന് ഇടപെടൽ ഉണ്ടാവണമെന്ന് ജയ്സൺമാന്തോട്ടം അധികൃതരോട് ആവശ്യപ്പെട്ടു.

നഗരസഭയെ ഏല്പിച്ചാൽ ഈ മനോഹര നിർമ്മിതി പരിപാലിക്കാമെന്ന് അറിയിച്ചിട്ടുള്ളതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു. പാലാ ഗ്രീൻ ടൂറിസം അമിനിറ്റി സെൻ്റെർ പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്ന് ടൂറിസം വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുള്ളതായി ജോസ്.കെ.മാണി എം.പി പറഞ്ഞു.

Leave a Reply

Your email address will not be published.