പാലാ: പാലാ ബൈപാസിൻ്റെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കത്തിലും അവസാനഭാഗ ത്തുമുള്ള തടസ്സങ്ങൾ നീക്കുന്ന ജോലികൾക്ക് തുടക്കമായി. ഇന്ന് രാവിലെ 7.30 ന് നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഇനി നിർമിക്കേണ്ടതായ ഭാഗത്തെ ലെവൽസ് വർക്കിന് തുടക്കം കുറിച്ചു.
മാണിസാറിൻ്റെ സ്വപ്നവും നഗരവാസികളുടെ ആഗ്രഹവും ആവശ്യവും സാക്ഷാത്കരിക്കപ്പെടുന്നു എന്നതിൽ അതിയായി സന്തോഷിക്കുന്നതായി പാലാ കെ.എം.മാണി ബൈപാസിലെ തുടക്കത്തിലും അവസാനത്തിലും അവശേഷിക്കുന്ന നൂറ്റി അറുപത് മീറ്റർ ഭാഗത്തെ പുനരാരംഭിക്കുന്ന നിർമ്മാണ പ്രവർത്തനം നിരീക്ഷിക്കുവാൻ മറ്റു കൗൺസിലർമാർക്ക് ഒപ്പം എത്തിയ നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.
നഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സമാന്തര റോഡ് മാണിസാറിൻ്റെ സ്വപ്ന പദ്ധതിയാ യിരുന്നു. ഏതാനും ഭാഗത്തെ സ്ഥലമേറ്റെടുപ്പ് തർക്കം അവസാനിപ്പിച്ച ശേഷം റോഡ് നിർമ്മിക്കുവാനിരുന്നുവെങ്കിൽ ഇന്ന് ഈ പാത ഉണ്ടാകുമായിരുന്നില്ല എന്ന് ചെയർമാൻ പറഞ്ഞു.
ഒരു വിഭാഗത്തിൻ്റെ രാഷ്ട്രീയ എതിർപ്പിനെയും, തടസ്സപ്പെടുത്തലുകളെയും അവഗണിച്ച് ബൈപാസ് നിർമ്മാണം ആരംഭിക്കുവാൻ കെ.എം.മാണി ഇച്ചാശക്തിയോടെ എടുത്ത തീരുമാനമാണ് ഇന്ന് കാണുന്ന വിസ്തൃതമായ നഗര ഉപപാതയെന്ന് ആൻ്റോ പറഞ്ഞു.
‘തൊണ്ണൂറ്റി ഒൻപത് ശതമാനം ഭൂഉടമകളും നൽകിയ നിർലോഭമായ സഹകരണവും പിന്തുണയുമാണ് ഭാവിതലമുറയ്ക്കും നഗരവികസനത്തിനും തടസ്സരഹിതയാത്രയ്ക്കും എന്നും പ്രയോജനപ്പെടുന്ന ഈ പാതയുടെ പൂർത്തീകരണത്തിന് സഹായകരമായത്.
കിഴതടിയൂർ ബൈപാസിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷൻ ജംഗ്ഷൻ വികസിപ്പിക്കുകയും കെട്ടിടങ്ങൾ പൊളിച്ചുനീക്കപ്പെടുകയും ചെയ്തപ്പെട്ടതോടെയാണ് വെറും മുനിസിപ്പൽ ഇടവഴിയായിരുന്ന സെന്റ്.മേരീസ് സ്കൂൾ റോഡിൽ ഇരു നിര വാഹന ഗതാഗതത്തിന് വഴിയൊരുങ്ങിയത് എന്ന് അദ്ദേഹം പറഞ്ഞു.
നഗരസഭാ കൗൺസിലർമാരായ മുൻ ചെയർപേഴ്സൺ മാരാ ലീന സണ്ണി, ബിജി ജോ, കൗൺസിലർ സാവിയോ കാവുകാട്ട്, കക്ഷി നേതാക്കളായ കെ.അജി, ബിജു പാലൂപടവൻ എന്നിവരും അധികൃതരും ചെയർമാനോടൊപ്പം നിർമാണ സ്ഥലത്ത് എത്തിയിരുന്നു.