പാലാ: കോസ്റ്റ്യൂമറായി സിനിമയിലെത്തിയ തന്നിലെ നടനെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്തിയത് മാണി സി കാപ്പനാണെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. അൽഫോൻസാ കോളജിലെ ആർട്ട്സ് ഡേ ഉദ്ഘാടന ചടങ്ങിലാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയ ഇന്ദ്രൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യകാലത്ത് പലരും തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തൻ്റേടപൂർവ്വം തന്നെ ചേർത്തുനിർത്തിയത് മാണി സി കാപ്പനായിരുന്നു. മേലേപ്പറമ്പിൽ ആൺവീട് മുതൽ അദ്ദേഹത്തിൻ്റെ മിക്ക ചിത്രങ്ങളിലും അവസരം നൽകി.
ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിച്ചത് മാണി സി കാപ്പൻ നിർമ്മിച്ച ജനം എന്ന ചിത്രത്തിലായിരുന്നു. സി ഐ ഡി ഉണ്ണിക്കൃഷ്ണൻ എന്ന ചിത്രത്തിൽ മുഴുനീള റോൾ കിട്ടിയതോടെയാണ് താൻ അറിയപ്പെടുന്ന നടനായി മാറിയതെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. മാണി സി കാപ്പൻ തന്നെ പരിഗണിച്ചില്ലായിരുന്നുവെങ്കിൽ തനിക്കു നടനാവാൻ സാധിക്കുമായിരുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ദ്രൻസിൻ്റെ അഭിപ്രായപ്രകടനം.