കോട്ടയം: രാഷ്ട്ര പുരോഗതിക്കു വിദേശമലയാളികൾ നൽകി വരുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഓവർസീസ് റസിഡൻ്റ് മലയാളി അസോസിയേഷൻ്റെ (ഓർമ) ആഭിമുഖ്യത്തിൽ മൂന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള ഭൂഖണ്ഡാന്തര പ്രസംഗമത്സര പരമ്പരയുടെ ഉദ്ഘാടനം പ്രചാരണ സാമിഗ്രികൾ ഏറ്റുവാങ്ങി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ജനിച്ച നാടിനോട് പ്രതിബദ്ധതയുള്ളവരാണ് വിദേശമലയാളികളെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ചു വളർന്നു വരുന്ന തലമുറയെ പ്രോൽസാഹിപ്പിക്കാനായി പ്രസംഗമത്സര പരമ്പരയ്ക്കു തുടക്കമിട്ട നടപടി അഭിനന്ദനാർഹമാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഓർമ ഇൻർ നാഷണൽ ടാലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.
അഡ്വ എൻ കെ നാരായണൻ നമ്പൂതിരി, ജി.ലിജിന്‍ലാല്‍, ബി രാധാകൃഷ്ണമേനോൻ, അഡ്വ നോബിൾ മാത്യു, ബിപിൻ തോമസ്, സുമിത് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഓർമ ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ജോർജ് നടവയൽ, ജോസ് ആറ്റുപുറം, ചെസ്സിൽ ചെറിയാൻ കവിയിൽ, ഷിജി സെബാസ്റ്റ്യൻ, ഷാജി ആറ്റുപുറം, ഡോ ഫ്രെഡ് മാത്യു, ഷൈൻ ജോൺസൺ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ നിന്നും തത്സമയം ഓൺ ലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന മത്സരത്തോടനുബന്ധിച്ച് ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ -2023″ പ്രതിഭയായി തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി രണ്ട് ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും.
കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും. ഇതോടൊപ്പം ഡോ. അബ്ദുൾ കലാം പുരസ്കാരം മികച്ച കലാലയത്തിന് സമ്മാനിക്കും. മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും. ലോകത്തിലെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക് ഓർമ ഇൻ്റർനാഷണൽ ടാലൻ്റ് പ്രമോഷൻ ഫോറം ആണ് നേതൃത്വം നൽകുന്നത്.

2003 ജനുവരി ഒന്നിനോ അതിനു ശേഷമോ ആയിരിക്കണം മത്സരാർത്ഥിയുടെ ജനനത്തിയതി. 2022 നവംബർ 15 മുതൽ 2023 ആഗസ്റ്റ് 7 വരെ പരമ്പര തുടരും. 2023 ഫെബ്രുവരി 28 വരെയാണ് ഒന്നാം ഘട്ട മത്സരം. 2023 ഏപ്രിൽ 16 മുതൽ, മെയ് 31 വരെ രണ്ടാം ഘട്ട മത്സരം.
രണ്ടാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിൻ്റെ അടിസ്ഥാനത്തിൽ പത്ത് ഇംഗ്ളീഷ് പ്രസംഗങ്ങളെയും പത്ത് മലയാളം പ്രസംഗങ്ങളെയും കണ്ടെത്തി ആ പ്രസംഗകരെ ഫൈനൽ റൗണ്ടിന് അർഹരാക്കും. ഫൈനൽ റൗണ്ട് പ്രസംഗ മത്സരം 2023 ജൂൺ 16 മുതൽ 2023 ആഗസ്റ്റ് 7 വരെ നടക്കും.
മൽസരാർത്ഥിയുടെ മാതാവോ പിതാവോ മലയാളിയായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമാ ഇൻ്റർനാഷനൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും. വിശദവിവങ്ങൾ ജോസ് തോമസ് (josthomaspala@gmail.com), എബി ജെ ജോസ് (91-9447702117), ഷാജി അഗസ്റ്റിൻ (91-9447302306), ജോസ് ആറ്റുപുറം (attupuram.jose@gmail.com)
എന്നിവരിൽ നിന്നും ലഭിക്കും.