kottayam

നാട്ടകം സുരേഷിൻ്റെ നേതൃത്വത്തിൽ കർഷകർ ജില്ലാ കൃഷി പ്രിൻസിപ്പൽ ഓഫീസറുടെ ഓഫീസ് ഉപരോധിച്ചു

കോട്ടയം: പുഞ്ചകൃഷിയ്ക്ക് വിതയ്ക്കേണ്ട സമയമായിട്ടും, സർക്കാർ വിത്ത് നല്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ നേതൃത്വത്തിൽ കർഷകർ ജില്ലാ കൃഷി പ്രിൻസിപ്പൽ ഓഫീസറുടെ ഓഫീസ് ഉപരോധിച്ചു.

നാഷണൽ സീഡ്സ് കോർപ്പറേഷൻ്റെ വിത്തിനായി പണമടച്ച് കാത്തിരുന്ന കർഷകരോട്, വിതയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കേ, നാഷണൽ സീഡ്സ് കോർപ്പറേഷൻ്റെ വിത്ത് ലഭ്യമല്ലെന്നും, കർഷകർ പാലക്കാട് പോയി വിത്ത് എടുത്തു കൊള്ളണമെന്നുമാണ് കൃഷി ഓഫീസർമാർ മുഖേന സർക്കാർ കർഷകരോട് പറഞ്ഞത്. ഇത് കർഷകരെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ഉപരോധക്കാരുടെ മുന്നിലിരുന്ന് കൊണ്ട് കൃഷി ഓഫീസർ സർക്കാരിലെ ഉന്നതരോട് ബന്ധപ്പെട്ടപ്പോൾ വിത്ത് ലഭ്യമല്ലയെന്നും, ഡിസംബർ മാസം കഴിഞ്ഞേ വിത്ത് ലഭിക്കൂ എന്നുമാണ് പറഞ്ഞത്. അങ്ങനെ വന്നാൽ പുഞ്ചകൃഷി നടക്കാതെ പോകും. സമരം ചെയ്ത കർഷകരോട് അനുകൂലമായ ഒരു മറുപടി പോലും പറയാൻ സർക്കാർ തയ്യാറായില്ല.

വിത്ത് ലഭിച്ചില്ല എങ്കിൽ രൂക്ഷമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നല്കുമെന്ന് ഡി.സി.സി. പ്രസിഡൻ്റ് നാട്ടകം സുരേഷ് പറഞ്ഞു. യു.ഡി.എഫ്. കൺവീനർ ഫിൽസൺ മാത്യൂസ്, ഡി.സി.സി. വൈസ് പ്രസിഡൻ്റ് ജി.ഗോപകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോമസുകുട്ടി മണക്കുന്നേൽ, സന്തോഷ് ചാന്നാനിക്കാട്, അനിൽ മലരിക്കൽ, എബി ഐപ്പ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.