പാലാ: മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കു ന്ന മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം ഏപ്രിൽ 14 മുതൽ 18 വരെ വെള്ളാപ്പാട് ദേവീക്ഷേത്രാങ്കണത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറിൽ നടക്കും. ‘വിജ്‌ഞാനത്തോടൊപ്പം സേവനവും’ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഹിന്ദു മഹാസംഗമം ഈ വർഷം മേവടയിൽ നിർമ്മിച്ച് നൽകുമെന്ന വീടിന്റെ താക്കോൽ ദാനം ഉദ്ഘാടന സസമ്മേളനത്തിൽ നടക്കും.
16 മുതൽ മൂന്ന് ദിവസം വിദ്യാർത്ഥികൾക്കായി ‘സുദർശനം’ എന്ന പേരിൽ വ്യക്തിത്വ വികസന ശിബിരവും ഇതോടൊപ്പം നടക്കും.പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹിന്ദു മഹാസംഗമത്തിന് തുടക്കം കുറിച്ച് 14ന് വൈകിട്ട് 4.30ന് ളാലം മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. 6 മണിക്ക് സംഗമ വേദിയിൽ അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹരാജ് സംഗമ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി സംഗമ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
മീനച്ചിൽ ഹിന്ദു മഹാസംഗമവും സേവാഭാരതിയും ചേർന്ന് മേവടയിലെ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീട്ടിന്റെ താക്കോൽ ദാനവും സ്വാമി നിർവ്വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതസംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട്, അദ്ധ്യക്ഷനാകും.ഡോ.പി.ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്കാരം സ്വാമി ചിദാനന്ദപുരിക്ക് അർഎസ്എസ് വിഭാഗ് സംഘചാലക് പി.പി.ഗോപി സമ്മാനിക്കും.
ഹിന്ദു മഹാസംഗമം രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ, ജനറൽ സെക്രട്ടറി അഡ്വ.ജി. അനീഷ് എന്നിവർ സംസാരിക്കും. 15ന് വൈകിട്ട് 5 മുതൽ ഭജന-ദേവീ വിലാസം ഇടമറ്റം. 6.30ന് സത്സംഗ സമ്മേളനത്തിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു മഹാസംഗമം ഉപാധ്യക്ഷൻ ടി.എൻ. രാജൻ, കൺവീനർ മനോജ് സോമൻ എന്നിവർ സംസാരിക്കും.
16ന് രാവിലെ 9 മുതൽ യോഗ പരിശീലനം, 10.15ന് സ്കൂൾ, കോളേജ് തല വിദ്യാർത്ഥികൾക്കായി നടത്തുന്ന ‘സുദർശനം’ വ്യക്തിത്വ വികസന ശിബിരം സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ശ്രീരാം ശങ്കർ ഉദ്ഘാടനം ചെയ്യും. എം.ജി. സർവ്വകലാശാല മുൻ വി.സി.ഡോ.സിറിയക് തോമസ്, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്.ജയസൂര്യൻ, മാധ്യമ പഠന സ്ഥാപനമായ മാഗ് കോം ഡയറക്ടർ അനുരാജ്, അദ്ധ്യാപിക മിനിദാസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും.
തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ അഡ്വ.എസ്.ജയസൂര്യൻ മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരജേത്രിയും വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷയുമായ എം.എസ്. ലളിതാംബിക, ഏറ്റു മാനൂരപ്പൻ കോളേജിലെ അദ്ധ്യാപിക പ്രൊഫ. സരിത അയ്യർ, റിട്ട.കേണൽ കെ.എൻ.വി.ആചാരി, ഡോ.ജയലക്ഷ്മി അമ്മാൾ, സൈക്കോളജിസ്റ്റ് അനൂപ് വൈക്കം, എഡ്യൂകരിയർ സർവ്വീസ് എം.ഡി. ക്യാപ്റ്റൻ സോജൻ ജോസ്, അദ്ധ്യാപിക സുജാത മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ മാർഗ്ഗ നിർദ്ദേശം നൽകും.

16ന് വൈകിട്ട് 5.30ന് ഭജന-ബാല ഗോകുലം കീഴമ്പാറ, 6.30ന് സത്സംഗ സമ്മേളനത്തിൽ ഡോ. ലക്ഷ്മി ശങ്കർ മുഖ്യ പ്രഭാഷണം നടത്തും.ഡോ.ജയലക്ഷ്മി അമ്മാൾ അദ്ധ്യക്ഷയാകും. രാഷ്ട്രപതിയുടെ പുരസ്കാരജേത്രി ഷീലാറാണി, നാരായണീയ പ്രചാരക ഗീത എസ്. എന്നിവരെ ആദരിക്കും.ഹിന്ദു മഹാസംഗമം മാതൃ സമിതിയംഗങ്ങളായ പാർവ്വതി ശങ്കർ, ശുഭ സുന്ദർരാജ് എന്നിവർ സംസാരിക്കും.
17ന് വൈകിട്ട് 5.30 മുതൽ ഭജന- ഓംകാര ഭജൻസ്, 6.30ന് സത്സംഗ സമ്മേളനത്തിൽ നെയ്‌വേലി ലിഗ്നേറ്റ് കോർപ്പറേഷൻ ഡയറക്ടർ എം.ടി.രമേശ് മുഖ്യപ്രഭാഷണം നടത്തും. നെയ്‌വേലി ലിഗ്നേറ്റ് കോർപ്പറേഷൻ സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകിയ അഡ്വ. എൻ.കെ.നാരായണൻ നമ്പൂതിരി,മികച്ച സംരംഭകരായ അശോക്, ട്രേഡ്ലൈൻസ് ഡയറക്ടർ ജി.സജൻ, വരിക്കയിൽ ഹോണ്ട ഡറക്ടർ സന്തോഷ് വരിക്കയിൽ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.
ഹിന്ദു മഹാസംഗമം ഉപാധ്യക്ഷന്മാരായ പി.എൻ. ആദിത്യൻ, പി.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിക്കും. 18ന് വൈകിട്ട് 6.30ന് സമാപന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും. ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും. വെള്ളാപ്പാട് ദേവി ക്ഷേത്രം ഉപദേശക സമിതി രക്ഷാധികാരി അഡ്വ.കെ.ആർ. ശ്രീനിവാസൻ, ഹിന്ദു മഹാസംഗമം ഭാരവാഹികളായ എം.ജി.സുരേഷ്, ഡോ.പി.സി.ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.
പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ അഡ്വ.രാജേഷ് പല്ലാട്ട്,ഡോ.പി.സി.ഹരികൃഷ്ണൻ, അഡ്വ.ഡി.പ്രസാദ്,എം.പി.ശ്രീനിവാസ്, ആർ.ശങ്കരനാരായണൻ, ടി.എൻ. രാജൻ,കെ.എസ്. സജീവ്, എന്നിവർ പങ്കെടുത്തു.