വാകക്കാട്: സമൂഹിക പുരോഗതി ലക്ഷ്യം വയ്ക്കുന്നതാവണം വിദ്യാഭ്യാസം എന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും ഗണിതശാസ്ത്രം ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ് കെ വി യെ അനുമോദിക്കുന്നതിനായി നടന്ന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൈലക്കൊമ്പ് സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നടന്ന ചടങ്ങിൽ അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ജോസഫ് കെ വി ക്ക് പ്രശംസാപത്രം നൽകി ആദരിച്ചു. ടീച്ചിങ് എയ്ഡുകളുടെ സഹായത്തോടെ സങ്കീർണമായ കാര്യങ്ങൾ പോലും ലളിതമായി വിശദീകരിച്ചു കൊടുക്കാം എന്ന് ജോസഫ് കെ വി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോളേജ് മാനേജർ ഫാ. മാത്യു മാളിയേക്കൽ, പ്രിൻസിപ്പാൾ ഫാ. ഡോ. ജോൺസൺ ഓറോപ്ലാക്കൽ, ഡോ. സിസി കുര്യൻ, സ്റ്റഫ് സെക്രട്ടറി ഡോക്ടർ ഷിംന പോൾ എന്നിവർ പ്രസംഗിച്ചു.